പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി മൂന്ന് ശുചീകരണ തൊഴിലാളികൾ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്‌ത അപകടം ദൗർഭാഗ്യകരമായ സംഭവമെന്ന് റെയിൽവേ. രണ്ടുപേരെയാണ് ട്രാക്കിൽ കണ്ടതെന്നാണ് ലോക്കോ പൈലറ്റ് നൽകിയ വിവരമെന്നും റെയിൽവേ വാർത്താക്കുറിപ്പിൽ പറഞ്ഞു. ലോക്കോ പൈലറ്റ് പ്രാഥമിക വിവരം റെയിൽവേക്ക് കൈമാറി.
പോലീസും ആർപിഎഫും നടത്തിയ പരിശോധനയിലാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതിൽ രണ്ടു മൃതദേഹങ്ങൾ പാലത്തിന് താഴെ നിന്നും ഒരാളുടെ മൃതദേഹം പാലത്തിന് മുകളിൽ നിന്നുമാണ് കണ്ടെത്തിയത്. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ മറ്റൊരാൾ പുഴയിലേക്ക് ചാടിയതായും ഇയാൾക്കായുള്ള തിരച്ചിൽ നടക്കുന്നുണ്ടെന്നും റെയിൽവേ വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി.
ശുചീകരണ ജോലിക്കിടെയാണ് അതിദാരുണ സംഭവം. ട്രെയിനിന്റെ ശബ്‌ദം കേട്ട് ഇവർ ഓടിമാറിയത് ട്രെയിൻ വന്ന അതേ ദിശയിലേക്കാണെന്നാണ് സൂചന. ട്രെയിൻ വരുമ്പോൾ ആളുകൾക്ക് കയറി നിൽക്കാൻ പാലത്തിന്റെ രണ്ടു ഭാഗത്തായി സ്‌ഥലമുണ്ട്. ഇവിടം ലക്ഷ്യമാക്കി ഓടി എത്തുന്നതിന് മുൻപ് നാലുപേരെയും ട്രെയിൻ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
തമിഴ്‌നാട് സ്വദേശികളായ ലക്ഷ്‌മണൻ, റാണി, വള്ളി എന്നിവരാണ് മരിച്ചത്. റാണിയും വള്ളിയും സഹോദരിമാരാണ്. ഇവരുടെ ഭർത്താക്കൻമാരിൽ ഒരാളെയാണ് കാണാതായത്. ട്രെയിൻ ഇടിച്ചു ശരീരം ചിന്നിച്ചിതറിയതിനാൽ കാണാതായത് ആരാണെന്നതിൽ അവ്യക്‌തത തുടരുകയാണ്. പുഴയിലെ തിരച്ചിൽ ഇന്ന് അവസാനിപ്പിച്ചു. നാളെ രാവിലെ തിരച്ചിൽ തുടരും.
റെയിൽവേയിൽ കരാർ ജീവനക്കാരാണ് നാലുപേരും. കേന്ദ്രമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു പരിസരം വൃത്തിയാക്കാനാണ് തൊഴിലാളികളെ നിയോഗിച്ചത്. അഞ്ചുവർഷമായി ഇവർ ഒറ്റപ്പാലത്ത് താമസിക്കുകയാണ്. അതേസമയം, സുരക്ഷാ മുൻകരുതൽ സ്വീകരിക്കാതെ തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചതിനെ സംബന്ധിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ഷൊർണൂർ റെയിൽവേ സ്‌റ്റേഷൻ കഴിഞ്ഞുള്ള കൊച്ചിൻ പാലത്തിൽ വെച്ച് ഇന്ന് വൈകിട്ട് 3.05ഓടെയാണ് അതിദാരുണമായ അപകടമുണ്ടായത്. ട്രാക്കിലൂടെയുള്ള മാലിന്യങ്ങൾ ശേഖരിക്കുന്നതിടെ ഷൊർണൂർ പാലത്തിന് സമീപത്ത് വെച്ചാണ് ട്രെയിൻ തട്ടിയത്. പാലക്കാട്ട് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്‌പ്രസാണ് തട്ടിയത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!