തിരുവനന്തപുരം: ഷൊർണൂരിൽ ട്രെയിൻ തട്ടി നാലുപേർ മരിച്ച സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്‌ഥയിൽ പ്രതിഷേധം അറിയിച്ച് കേരളം. സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് വീഴ്‌ചയുണ്ടായതായി ചൂണ്ടിക്കാണിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.
ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങളില്ലാതെ ആളുകളെ കരാർ അടിസ്‌ഥാനത്തിൽ ജോലിക്ക് നിയോഗിക്കുന്നതാണ് ഇത്തരം ദൗർഭാഗ്യകരമായ ദുരന്തങ്ങൾക്ക് കാരണമെന്ന് മുഖ്യമന്ത്രി കത്തിൽ വ്യക്‌തമാക്കി. റെയിൽവേ ട്രാക്കിൽ സുരക്ഷിതമായി എങ്ങനെ ജോലി ചെയ്യണമെന്ന് പരിശീലനമോ ബോധവൽക്കരണമോ ലഭിക്കാത്തവരാണ് അപകടത്തിൽപ്പെട്ടത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വരുത്തുന്ന വീഴ്‌ച ഗൗരവമായി പരിഗണിക്കണമെന്നും കരാർ തൊഴിലാളികളെ നിയമിക്കുന്നത് സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും റെയിൽവേ മന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ആവശ്യമായ നഷ്‌ടപരിഹാരം റെയിൽവേ നൽകുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ശനിയാഴ്‌ച ഉച്ചയ്‌ക്ക് 3.05ന് പാലക്കാട്- തൃശൂർ ലൈനിലെ ഷൊർണൂർ പാലത്തിൽ തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്‌പ്രസ് തട്ടിയാണ് ദമ്പതികളടക്കം നാലുപേർ മരിച്ചത്. ഒറ്റപ്പാലത്ത് വാടകയ്‌ക്ക് താമസിക്കുന്ന സേലം അയോധ്യാപട്ടണം അടിമലൈപുത്തൂർ സ്വദേശികളായ ലക്ഷ്‌മണൻ (60), ഭാര്യ വള്ളി (55), വള്ളിയുടെ ബന്ധു റാണി (45), റാണിയുടെ ഭർത്താവ് ലക്ഷ്‌മണൻ (48) എന്നിവരാണ് മരിച്ചത്.
ഭാരതപ്പുഴയ്‌ക്ക് കുറുകെയുള്ള റെയിൽവേ ട്രാക്ക് വൃത്തിയാക്കുന്നതിനിടെയാണ് നാലുപേരും അപകടത്തിൽപ്പെട്ടത്. പത്ത് തൊഴിലാളികൾ ജോലിയിൽ ഉണ്ടായിരുന്നു. വളവായതിനാൽ ട്രെയിൻ വന്നത് ഇവർ കണ്ടില്ല. തൊട്ടടുത്ത എത്തിയപ്പോഴാണ് ഇവരെ കണ്ടതെന്നും ഹോൺ മുഴക്കിയെങ്കിലും അവർക്ക് മാറാൻ കഴിഞ്ഞില്ലെന്നും ലോക്കോ പൈലറ്റ് പറഞ്ഞു.
അതേസമയം, ശുചീകരണ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് ഒരുലക്ഷം രൂപവീതം നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. ഷൊർണൂർ യാർഡ് മുതൽ എറണാകുളത്തേക്ക് പോകുന്ന ഭാഗം വരെയുള്ള ട്രാക്ക് വൃത്തിയാക്കുന്നതിനായാണ് റെയിൽവേ കരാർ ഏൽപ്പിച്ചത്.
Most Read| നിർമാതാക്കളുടെ സംഘടനയിൽ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കി