കളഞ്ഞുകിട്ടിയ ഒന്നര പവന്റെ സ്വർണ പാദസരം ഉടമയ്‌ക്ക് തിരികെ നൽകി മാതൃകയായിരിക്കുകയാണ് സഹോദരങ്ങളായ ശ്രീനന്ദയും അഭിഷേകും. സാമ്പത്തിക ബുദ്ധിമുട്ടികൾക്കിടയിൽ ജീവിതം തള്ളിനീക്കുമ്പോഴും ഇവരുടെ സത്യസന്ധതയ്‌ക്ക് സ്വർണത്തേക്കാൾ തിളക്കമാണ്. പാലക്കാട് വെള്ളിയാങ്കല്ലിൽ നിന്നാണ് കഴിഞ്ഞ ദിവസം ഇവർക്ക് സ്വർണം കളഞ്ഞികിട്ടിയത്.
അവധി ദിനത്തിൽ വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ എത്തിയതായിരുന്നു ഇരുവരും. പാർക്കിൽ കറങ്ങി നടക്കുന്നതിനിടെയാണ് പടിക്കെട്ടുകളോട് ചേർന്ന് സ്വർണാഭരണം വീണ് കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഇരുവരും പാർക്കിലുള്ള സന്ദർശകരോട് ആഭരണം നഷ്‌ടപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്‌തു. ഉടമസ്‌ഥനെ കണ്ടെത്താനാകാതെ വന്നതോടെ ഇരുവരും ആഭരണം പൈതൃക പാർക്ക് ഓഫീസിൽ ഏൽപ്പിച്ചു.
പാർക്ക് ജീവനക്കാർ ഉടൻ തന്നെ ആഭരണം തൃത്താല പോലീസിലും ഏൽപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് കഴിഞ്ഞ ദിവസമാണ് പാദസരത്തിന്റെ ഉടമ എത്തുന്നത്. തവനൂർ സ്വദേശിനി നഫീസയുടെ പാദസരമായിരുന്നു നഷ്‌ടപ്പെട്ടത്. പോലീസ് സാന്നിധ്യത്തിൽ കുട്ടികൾ പാദസരം ഉടമയ്‌ക്ക് കൈമാറി. സംഭവം അറിഞ്ഞ് നിരവധിപ്പേർ കുട്ടികളെ അഭിനന്ദിക്കാനെത്തി.
പരതൂർ കുളമുക്ക് സ്വദേശിനി രമ്യയുടെ മക്കളാണ് ശ്രീനന്ദയും അഭിഷേകും. ഇവരുടെ അച്ഛൻ മരിച്ചിട്ട് വർഷങ്ങളായി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പണി പാതി നിർത്തിയ വീട്ടിലാണ് ഇവരുടെ താമസം. ശ്രീനന്ദ പരതൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർഥിനിയും അനുജൻ അഭിഷേക് പഴയങ്ങാടി യുപി സ്‌കൂളിലെ ആറാം ക്ളാസ് വിദ്യാർഥിയുമാണ്.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ