സിദ്ദിഖ് കാപ്പന് മികച്ച ചികിൽസ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷന് കത്ത് നൽകി മുനീർ

By Desk Reporter, Malabar News
MK Muneer about Haritha issue
Ajwa Travels

തിരുവനന്തപുരം: കോവിഡ് ബാധിതനായി മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി മദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് മികച്ച ചികിൽസ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എംകെ മുനീർ. ചങ്ങലയിൽ കിടന്ന്, പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ ദുരിതം അനുഭവിക്കുന്ന കാപ്പന് നീതി കിട്ടാൻ കേരളം ഒറ്റക്കെട്ടായി നിൽക്കണം. അദ്ദേഹത്തിന് മികച്ച ചികിൽസ ലഭ്യമായില്ലെങ്കിൽ അവസ്‌ഥ കൂടുതൽ മോശമാകുമെന്നും എംകെ മുനീർ പറഞ്ഞു. സിദ്ദിഖ് കാപ്പന് മികച്ച ചികിൽസ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുനീർ ദേശീയ മാനുഷയാവകാശ കമ്മീഷന് കത്ത് നൽകി.

മുനീറിന്റെ കുറിപ്പ് പൂർണരൂപത്തിൽ;

“അത്യന്തം ദാരുണമായ അവസ്‌ഥയിൽ കൂടിയാണ് സിദ്ദിഖ് കാപ്പൻ എന്ന മലയാളി പത്രപ്രവർത്തകൻ കടന്നു പോകുന്നത് എന്ന് അദ്ദേഹത്തിന്റെ ഭാര്യയുടെ വെളിപ്പെടുത്തലുകൾ വ്യക്‌തമാക്കുന്നു. കോവിഡ് ബാധിതനായ അദ്ദേഹം ബാത്ത്റൂമിൽ തല കറങ്ങി വീഴുകയും താടിയെല്ല് പൊട്ടുകയും ശരീരമാസകലം വേദന അനുഭവിക്കുകയും ചെയ്യുന്ന അവശനിലയിലാണ് ഉള്ളതെന്ന് ഭാര്യ പറയുന്നു. ചങ്ങലയിൽ കിടന്ന് പ്രാഥമിക കാര്യങ്ങൾ പോലും നിർവഹിക്കാനാവാത്ത തരത്തിൽ ജയിലിൽ ക്രൂര മർദ്ദനമാണ്, ഉടൻ ചികിൽസ ലഭ്യമായില്ലെങ്കിൽ അദ്ദേഹത്തിന്റെ അവസ്‌ഥ കൂടുതൽ മോശമാകുമെന്നും റിപ്പോർട് പുറത്ത് വരുന്നു.

കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് സന്ദർശിച്ച് റിപ്പോർട് തയ്യാറാക്കാനായി ഹത്രസിലേക്ക് പോയ മലയാളി പത്രപ്രവർത്തകനാണ് സിദ്ദിഖ് കാപ്പൻ. പിന്നീടദ്ദേഹം തിരിച്ചു വന്നിട്ടില്ല. പത്രപ്രവർത്തക യൂണിയൻ നേതാവ് കൂടിയായ അദ്ദേഹം ഡെൽഹിയിൽ നിന്ന് ഹത്രസിലേക്ക് എത്തും മുൻപെ പിടിയിലായി. അദ്ദേഹത്തിന്റെ പേര് നോക്കി അറസ്‌റ്റ് ചെയ്യാൻ ഉത്തർപ്രദേശ് പോലീസിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.

സിദ്ദിഖ് കാപ്പന്റെ കാര്യത്തിൽ മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുകയാണ്. അതിനു മാത്രം എന്ത് കുറ്റമാണ് അദ്ദേഹം ചെയ്‌തിട്ടുള്ളത് ? യോഗിയും മോദിയും ഷായും തീർത്ത തടവറകളിൽ എത്ര പേർ ഇങ്ങനെ ജീവിതം ഹോമിക്കുന്നുണ്ടാവണം. കരുതൽ തടങ്കൽ അനുഭവിക്കുന്ന മനുഷ്യരെ കുറിച്ചുള്ള വാർത്തകളെത്ര നാം കേൾക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരുണ്ട യുഗത്തിലേക്ക് നാം തിരിച്ചു പോവുകയാണോ? എന്ത് കൊണ്ടാണ് മലയാളിയായ ഒരു പത്രപ്രവർത്തകന്റെ അകാരണമായ അറസ്‌റ്റിലും അദ്ദേഹത്തോടുള്ള മനുഷ്യാവകാശ ലംഘനത്തിലും സംസ്‌ഥാന സർക്കാരും നിശബ്‌ദമാകുന്നത്?

സിദ്ദിഖ് കാപ്പന് അടിയന്തരമായി കോവിഡ് ചികിൽസാ സൗകര്യം ലഭ്യമാവണം. അദ്ദേഹത്തിന്റെ മോചനം എത്രയും വേഗം സാധ്യമാകണം. നീതി ലഭ്യമാവണം. ഈ ആവശ്യങ്ങളുന്നയിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്ത് നൽകിയിട്ടുണ്ട്. ഈ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ സാധ്യമാകുന്നതെല്ലാം ചെയ്യാൻ കേരളം ഒന്നിച്ച് കൈകോർക്കേണ്ട സമയമാണിത്.”

നേരത്തെ കാപ്പനെ എയിംസിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ ചീഫ് ജസ്‌റ്റിസിന് കത്ത് നൽകിയിരുന്നു. സിദ്ദിഖ് കാപ്പന്റെ ജീവൻ രക്ഷിക്കാൻ മുഖ്യമന്ത്രിയും മനുഷ്യാവകാശ കമ്മീഷനും അടിയന്തരമായി ഇടപെടണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങളും ആവശ്യപ്പെട്ടു. കാപ്പന് വേണ്ടി സംസാരിക്കാൻ മുഖ്യമന്ത്രി ഇനിയെങ്കിലും തയ്യാറാകണമെന്ന് ഭാര്യയും ആവശ്യപ്പെട്ടിരുന്നു.

Also Read:  രാഷ്‌ട്രീയ പ്രവർത്തനം മാറ്റിവച്ച് ജനങ്ങളെ സഹായിക്കൂ; കോൺഗ്രസ്‌ പ്രവർത്തകരോട് രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE