സിക വൈറസ്; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

By Staff Reporter, Malabar News
Sika virus; Health Minister urges caution
ആരോഗ്യമന്ത്രി വീണാ ജോർജ്
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് സിക വൈറസ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡെങ്കി, ചിക്കന്‍ഗുനിയ തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകളാണ് സിക വൈറസും പരത്തുന്നത്. മഴക്കാലത്ത് കൊതുക് വളരാന്‍ സാധ്യത കൂടുതലാണ്. വീടുകളും സ്‌ഥാപനങ്ങളും കൊതുക് മുക്‌തമാക്കുകയാണ് ഈ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള പ്രധാന മാര്‍ഗം.

അതിനാല്‍ തന്നെ നിര്‍ബന്ധമായും ആഴ്‌ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിച്ച് വീടും സ്‌ഥാപനവും പരിസരവും കൊതുകില്‍ നിന്നും മുക്‌തമാക്കണം. കേരളത്തിലെ എല്ലാ ജില്ലകളും പ്രത്യേകിച്ച് മുന്‍ വര്‍ഷങ്ങളില്‍ ഡെങ്കിപ്പനി കൂടുതല്‍ റിപ്പോര്‍ട് ചെയ്‌ത തിരുവനന്തപുരം ഉള്‍പ്പടെയുള്ള ജില്ലകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കണമെന്നും മന്ത്രി വ്യക്‌തമാക്കി.

സിക വൈറസിൽ നിന്ന് രക്ഷനേടാനുള്ള മാർഗ നിർദ്ദേശങ്ങൾ:

ഗര്‍ഭിണികളും ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവരും സിക വൈറസിനെതിരെ പ്രത്യേക കരുതല്‍ സ്വീകരിക്കണം. ഗര്‍ഭാവസ്‌ഥയുടെ ആദ്യ മാസങ്ങളില്‍ വൈറസ് ബാധിച്ചാല്‍ ഗര്‍ഭസ്‌ഥ ശിശുവിന് തലച്ചോറിനെ ബാധിക്കുന്ന മൈക്രോസെഫാലി എന്ന ജൻമനായുള്ള വൈകല്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അതിനാല്‍ കൊതുക് കടി ഏല്‍ക്കാതിരിക്കുകയാണ് ഏറ്റവും പ്രധാന സുരക്ഷാ മാര്‍ഗം. ഇതിന് പുറമേ ലൈംഗിക ബന്ധത്തിലൂടെയും സിക വൈറസ് പകരാം. കൊതുക് കടിയേല്‍ക്കാതിരിക്കാന്‍ പ്രായമാവരും കുട്ടികളും ശ്രദ്ധിക്കേണ്ടതാണ്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടൻ ചികിൽസ തേടേണ്ടതാണ്.

കൊതുകിന്റെ ഉറവിട നശീകരണമാണ് ഏറ്റവും പ്രധാനം. ഈഡിസ് കൊതുകുകളുടെ മുട്ടകള്‍ക്ക് ഒരു വര്‍ഷം വരെ നശിക്കാതെ കഴിയാനാകും. ഇവയ്‌ക്ക് മുട്ടയിട്ടു വളരുന്നതിന് വളരെ കുറച്ച് വെള്ളം മതിയാകും. വീടുകളിലും സ്‌ഥാപനങ്ങളിലും കൊതുക് മുട്ടയിട്ട് വളരുവാന്‍ സാധ്യതയുള്ള ചെറിയ അളവ് ശുദ്ധജലം പോലും കെട്ടിക്കിടക്കുന്ന ബക്കറ്റുകള്‍, പൂച്ചട്ടികള്‍, ടയറുകള്‍ മുതലായവ പ്രത്യേകം ശ്രദ്ധിക്കണം.

ലോക്ക്ഡൗണ്‍ കാലയളവില്‍ ദീര്‍ഘനാളായി അടഞ്ഞു കിടക്കുന്ന സ്‌ഥാപനങ്ങളില്‍ കൊതുക് ധാരാളമായി മുട്ടയിട്ട് പെരുകാന്‍ സാധ്യതയുണ്ട്. മാര്‍ക്കറ്റുകളില്‍ മൽസ്യം സൂക്ഷിക്കുന്ന പെട്ടികള്‍, വീട്ടുമുറ്റത്തും പുരയിടത്തിലും ഉപേക്ഷിച്ച പാത്രങ്ങള്‍, ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കൊതുക് വളരാം. അവ വലിച്ചെറിയാതെ നശിപ്പിക്കുകയാണ് ഉത്തമം.

aedis-aegypti-mosquito
Representational Image

കൊതുക് കടി ഏല്‍ക്കാതിരിക്കാന്‍ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക, ശരീരം മൂടുന്ന വിധത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിക്കുക, ജനലുകളും വാതിലുകളും അടച്ചിടുക, ജനലുകള്‍ക്കും വാതിലുകള്‍ക്കും കൊതുക് വലകള്‍ ഉപയോഗിക്കുക, പകല്‍ ഉറങ്ങുമ്പോള്‍ പോലും കൊതുക് വല ഉപയോഗിക്കുക എന്നിവ പ്രധാനമാണ്.

വീട്ടിനുള്ളില്‍ പൂച്ചട്ടികള്‍ക്ക് താഴെ വെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്‌ജിന് അടിയില്‍ വെള്ളം നില്‍ക്കുന്ന ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുള്ളതിനാല്‍ അവയും ഇടക്കിടെ വൃത്തിയാക്കുന്നത് ഉചിതമാവും. ഈ നിർദ്ദേശങ്ങൾ പൂർണമായി പാലിച്ചാൽ രോഗബാധയിൽ നിന്ന് അകന്ന് നിൽക്കാമെന്ന് സർക്കാർ അറിയിക്കുന്നു.

Read Also: വാക്‌സിൻ ചലഞ്ച്; നിർബന്ധിത പിരിവ് വേണ്ടെന്ന് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE