പാലക്കാട് : ജില്ലയിൽ ആനമല വേട്ടക്കാരൻ പുതൂരിൽ പുലിത്തോൽ വിൽക്കാൻ ശ്രമം. സംഭവം അറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥർ 6 പേരെ അറസ്‌റ്റ് ചെയ്‌തു. ശേത്തു മട അണ്ണാനഗറിലെ മയിൽസാമി(60), മക്കളായ ഉദയകുമാർ(31), രമേഷ് കുമാർ(30), ആനമല സ്വദേശി പ്രവീൺ(26), ഒടയകുളത്തിലെ മണികണ്‌ഠൻ(36), ശബരി ശങ്കർ(27) എന്നിവരാണ് അറസ്‌റ്റിലായത്.
ആനമല കടുവ സംരക്ഷ കേന്ദ്രത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് വേട്ടക്കാരൻ പുതൂർ. ഇവിടെ പുലിത്തോൽ വിൽക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്‌ഥർക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് അധികൃതർ ഇവിടെയെത്തിയത്. പുലിത്തോൽ വാങ്ങാനെന്ന വ്യാജേനയാണ് ഉദ്യോഗസ്‌ഥർ ഈ സംഘത്തെ സമീപിച്ചത്.
തുടർന്ന് മയിൽസ്വാമിയുടെ വീട്ടിൽ നിന്നും ഉദ്യോഗസ്‌ഥർ പുലിത്തോൽ കണ്ടെത്തുകയായിരുന്നു. ഒരു കോടി രൂപക്കാണ് ഇവർ പുലിത്തോൽ വിൽക്കാൻ ശ്രമിച്ചത്. തുടർന്ന് ഇടനിലക്കാർ ഉൾപ്പടെയുള്ള സംഘത്തെ വനംവകുപ്പ് ഉദ്യോഗസ്‌ഥർ അറസ്‌റ്റ് ചെയ്‍തു. വർഷങ്ങൾക്ക് മുൻപ് മയിൽസ്വാമി ജോലിക്ക് നിന്ന കർഷകന്റെ വീട്ടിൽ നിന്നും മോഷ്‌ടിച്ച പുലിത്തോലാണ് ഇപ്പോൾ വിൽക്കാൻ ശ്രമിച്ചതെന്ന് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കുന്നുണ്ട്.
Read also : പ്രധാനമന്ത്രിയുടെ 15 ലക്ഷത്തിനായി ഇപ്പോഴും കാത്തിരിക്കുന്നു; പിവി അബ്‌ദുല്‍ വഹാബ് എംപി