ന്യൂയോർക്ക്: യുഎസിൽ ആറാം ക്‌ളാസുകാരി സ്‌കൂളിൽ എത്തിയത് നിറതോക്കുമായി. സഹപാഠികൾക്കും ജീവനക്കാർക്കും നേരെ വെടിയുതിർത്ത കുട്ടി സ്‌കൂളിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. വടക്കു പടിഞ്ഞാറൻ യുഎസ് സംസ്‌ഥാനമായ ഐഡഹോയിലെ സ്‌കൂളിലാണ് സംഭവം. വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്കേറ്റുവെന്നും അധ്യാപകൻ കുട്ടിയുടെ കൈയ്യിൽ നിന്ന് തോക്ക് പിടിച്ച് വാങ്ങിയെന്നും പോലീസ് അറിയിച്ചു.
റിഗ്‌ബി മിഡിൽ സ്‌കൂളിലാണ് സംഭവം. 11-12 വയസ് പ്രായമുണ്ടെന്ന് കരുതുന്ന പെൺകുട്ടിയുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ബാഗിൽ കൊണ്ടുവന്ന തോക്കെടുത്ത് സ്‌കൂളിന് അകത്തും പുറത്തും കുട്ടി വെടിയുതിർക്കുകയായിരുന്നു.
രണ്ട് വിദ്യാർഥികൾക്കും ഒരു ജീവനക്കാരനുമാണ് പരിക്കേറ്റത്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. അധ്യാപകൻ കുട്ടിയുടെ കൈയ്യിൽ നിന്ന് തോക്ക് പിടിച്ച് വാങ്ങിയതിന് പിന്നാലെ പോലീസെത്തി കുട്ടിയെ കസ്‌റ്റഡിയിൽ എടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Also Read: ദേഹത്ത് 50 വർണങ്ങൾ; അൽഭുതമായി ഒരു ചിലന്തി