ന്യൂഡെല്‍ഹി: പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ രംഗത്തിറങ്ങുന്ന കര്‍ഷക നേതാക്കള്‍ ഇനി മുതല്‍ തങ്ങളുടെ ഭാഗമായിരിക്കില്ലെന്ന് സംയുക്‌ത കിസാന്‍ മോര്‍ച്ച. കര്‍ഷകരോ കര്‍ഷകസംഘടനകളോ നേരിട്ട് തിരഞ്ഞെടുപ്പ് മൽസര രംഗത്തേക്ക് ഇറങ്ങുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചാ നേതാക്കള്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു,
“തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്ന കര്‍ഷക നേതാക്കളോ കര്‍ഷക സംഘടനകളോ ഇനി മുതല്‍ സംയുക്‌ത കിസാന്‍ മോര്‍ച്ചയുടെ ഭാഗമായിരിക്കില്ല. അവരുമായി മറ്റു തരത്തിലുള്ള ബന്ധങ്ങള്‍ തുടരുന്നതിനെ കുറിച്ച് എസ്കെഎമ്മിന്റെ തുടര്‍ന്നുള്ള യോഗങ്ങളില്‍ തീരുമാനിക്കും”-എസ്കെഎം നേതാവായ യുദ്ധ്‌വീര്‍ സിംഗ് പറയുന്നു.
പഞ്ചാബിൽ നിന്നുള്ള കർഷക നേതാവ് ഗുര്‍നാം സിംഗ് ഛാദുനിയാണ് രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇറങ്ങുന്നവരിൽ ഒരാൾ. ‘സംയുക്‌ത സംഘർഷ് പാർട്ടി’ എന്ന പേരിലാണ് പാർട്ടി രൂപീകരിച്ചിരിക്കുന്നത്. വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെനടന്ന ഒരു വർഷം നീണ്ടുനിന്ന കർഷക പ്രതിഷേധത്തിൽ നിന്ന് ഉയർന്നുവന്ന ആദ്യത്തെ രാഷ്‌ട്രീയ സംഘടനയാണ് സംയുക്‌ത സംഘർഷ് പാർട്ടി.
സംയുക്‌ത കിസാൻ മോർച്ചയുടെ അഞ്ചംഗ സമിതിയിൽ അംഗമായിരുന്നു ഗുർനാം സിംഗ് ഛാദുനി. യുധവീർ സിംഗ്, അശോക് ധാവ്‌ലെ, ബൽബീർ സിംഗ് രാജേവൽ, ശിവ് കുമാർ കാക്ക എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ. ഹരിയാന-പഞ്ചാബ് എന്നിവിടങ്ങളില്‍ കര്‍ഷകരെ സംഘടിപ്പിച്ചത് ഗുര്‍നാമായിരുന്നു. ഭാരതീയ കിസാന്‍ യൂണിയന്റെ ഹരിയാന അധ്യക്ഷനാണ് ഗുര്‍നാം.
രാഷ്‌ട്രീയ പാർട്ടി രൂപീകരിച്ച മറ്റൊരാൾ ബാബിര്‍ സിംഗ് രജ്‌വാളാണ്. സംയുക്‌ത സമാജ് മോര്‍ച്ച എന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പേര്. പഞ്ചാബില്‍ ഒരു പാര്‍ട്ടിയുമായും സഖ്യമില്ലാതെ ഒറ്റക്ക് മൽസരിക്കുമെന്നാണ് ബാബിര്‍ സിംഗ് രജ്‌വാള്‍ അറിയിച്ചിരിക്കുന്നത്.
Read also: മുല്ലപ്പെരിയാർ ഡാം നിര്‍മിച്ച എന്‍ജിനീയർക്ക് പ്രതിമ നിർമിക്കാൻ തമിഴ്നാട്