കൽപ്പറ്റ: വയനാട്ടിലും കോഴിക്കോടും പാലക്കാടും ഭൂമിക്കടിയിൽ നിന്ന് വലിയ ശബ്‌ദങ്ങൾ കേട്ടതായി നാട്ടുകാർ. വയനാട്ടിലെ അമ്പലവയലിൽ വലിയ ശബ്‌ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. എടയ്‌ക്കൽ ഗുഹ സ്‌ഥിതി ചെയ്യുന്ന അമ്പുകുത്തി മലയ്‌ക്ക് സമീപത്ത് നിന്നാണ് ശബ്‌ദം കേട്ടത്. ഇടിമുഴക്കമാണെന്നാണ് നാട്ടുകാർ ആദ്യം കരുതിയത്.
എന്നാൽ, ചെറിയതോതിൽ ഭൂമികുലുക്കവും ഉണ്ടായതായാണ് പ്രദേശവാസികൾ പറയുന്നത്. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ശാസ്‌ത്രജ്‌ഞൻമാർ അസാധാരണ ശബ്‌ദം കേട്ടതായി സ്‌ഥിരീകരിച്ചിട്ടുണ്ട്. എടക്കൽ 19 എന്ന സ്‌ഥലത്ത് നിന്നാണ് ശബ്‌ദം കേട്ടതെന്നാണ് വിവരം. എന്നാൽ, ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ സീസ്‌മോളജി സെന്റർ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡയറക്‌ടർ ഒപി മിശ്ര അറിയിച്ചു.
റവന്യൂ അധികൃതർ സ്‌ഥലത്തെത്തി പരിശോധന നടത്തുകയാണ്. അമ്പലവയൽ ജിഎൽപി സ്‌കൂളിന് അവധി നൽകി. സ്‌ഥലത്ത് ദുരന്തനിവാരണ അതോറിറ്റിയും പരിശോധന നടത്തുകയാണ്. നെൻമേനി വില്ലേജിലെ പാടിപറമ്പ്, അമ്പുകുത്തി, അമ്പലവയൽ പ്രദേശങ്ങളിലാണ് ശബ്‌ദവും കുലുക്കവും അനുഭവപ്പെട്ടത്. സംഭവത്തെ തുടർന്ന് പ്രദേശങ്ങളിലെ ജനവാസ മേഖലയിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.
അതേസമയം, കോഴിക്കോട് ജില്ലയിലെ ചില ഭാഗങ്ങളിലും രാവിലെ പത്തുമണിയോടെ പ്രകമ്പനമുണ്ടായതായി നാട്ടുകാർ പറയുന്നു. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിൽപ്പെട്ട കല്ലാനോട് പാറ അനങ്ങിയത് പോലെ വലിയ ശബ്‌ദം കേട്ടതായി പ്രദേശവാസികൾ അറിയിച്ചു. കഴിഞ്ഞ ജൂൺ 27ന് ഈ മേഖലയിൽ ഉരുൾപൊട്ടി പാറ ഉരുണ്ട് വീണിരുന്നു.
പാലക്കാട്ടും വിവിധ പ്രദേശങ്ങളിൽ ഭൂമിക്കുള്ളിൽ നിന്നും മുഴക്കം കേട്ടതായി നാട്ടുകാർ പറഞ്ഞു. ഒറ്റപ്പാലം പനമണ്ണ, വീട്ടാമ്പാറ, ലക്കിടി, അകലൂർ, കോതക്കുറുശി, വാണിയംകുളം പനയൂർ, ചളവറയിൽ പുലാക്കുന്ന് തുടങ്ങിയ സ്‌ഥലങ്ങളിലാണ് ഉഗ്രശബ്‌ദം കേട്ടത്. രാവിലെ പത്തിനും പത്തരക്കും ഇടയിലുള്ള സമയത്താണ് ശബ്‌ദം കേട്ടത്. പരിശോധന തുടങ്ങിയിട്ടുണ്ട്.
Most Read| മദ്യനയ അഴിമതി കേസ്; മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം