മാഡ്രിഡ്: ഒമൈക്രോണ്‍ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോകരാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ഒമൈക്രോണിനൊപ്പം കോവിഡ് കേസുകളും ഉയരുന്ന പശ്‌ചാത്തലത്തിൽ പൊതുഇടങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ് സ്‌പെയിന്‍.
ആറുമാസം മുന്‍പാണ് മാസ്‌ക് നിര്‍ബന്ധമാക്കിയ നിയമം സ്‌പെയിൻ ഒഴിവാക്കിയത്. എന്നാല്‍ ചൊവ്വാഴ്‌ച 49,823 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട് ചെയ്‌തത്. ബുധനാഴ്‌ച 60,000 കേസുകളും റിപ്പോര്‍ട് ചെയ്‌തു.
ജനസംഖ്യയുടെ 80 ശതമാനവും പ്രതിരോധ കുത്തിവെപ്പ് എടുത്തതിനാല്‍ സ്‌പെയിനില്‍ കോവിഡ് അണുബാധയുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാല്‍ ഒമൈക്രോണിന്റെ അപ്രതീക്ഷിത വരവ് കേസുകളുടെ എണ്ണം കൂട്ടി.
നേരത്തെ പോർച്ചുഗല്‍, നെതർലാൻഡ് പോലുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങൾ ചെയ്‌തതുപോലെ ഒമൈക്രോണ്‍ തടയുന്നതിന് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താത്തതിന് ചില വിദഗ്‌ധരും പ്രതിപക്ഷ പാർട്ടികളും പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനെ വിമർശിച്ചിരുന്നു. എന്നാല്‍ രാജ്യത്തെ ഉയർന്ന വാക്‌സിനേഷൻ നിരക്ക് ചൂണ്ടിക്കാട്ടി അദ്ദേഹം ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ചെയ്‌തത്.
Most Read: കേരള ബാർ കൗൺസിൽ അഴിമതി; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി