പത്തനംതിട്ട: ശബരിമല സോപാനത്ത് ഇന്ന് മുതൽ ക്യൂ സംവിധാനം തുടങ്ങി. സോപാനത്ത് സ്‌ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തി. പതിനെട്ടാം പടി കയറി വരുന്ന കുട്ടികൾക്കും സ്‌ത്രീകൾക്കും പ്രത്യേക സൗകര്യവും ഒരുക്കിയതായി അധികൃതർ അറിയിച്ചു. അതേസമയം, സന്നിധാനത്ത് തിരക്ക് തുടരുകയാണ്. രാവിലെ ആറുമണി വരെ 21000 പേരാണ് പതിനെട്ടാം പടി കയറിയത്.
സന്നിധാനത്ത് പുലർച്ചെ മുതൽ മഴ പെയ്‌തെങ്കിലും നിലവിൽ മഴ പെയ്യുന്നില്ല. ശബരിമലയിലെ അനിയന്ത്രിതമായ തിരക്ക് വാർത്തയായിരുന്നു. ഭക്‌തർക്ക് സന്ദർശനം നടത്താൻ കഴിയാതെ മടങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ സംവിധാനങ്ങൾ കൊണ്ടുവന്നത്. അതേസമയം, ശബരിമലയിൽ അടിസ്‌ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രമന്ത്രി ജി കിഷൻ റെഡ്‌ഡി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
ഏറെനേരം വരി നിൽക്കേണ്ടി വരുന്നതടക്കം നിലവിൽ ഭക്‌തർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. വർഷത്തിൽ 15 ലക്ഷത്തോളം ഭക്‌തർ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നും വരുന്നവരാണ്. അവർക്കടക്കം വെള്ളവും വൈദ്യസഹായവും ഉറപ്പാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തെലങ്കാന ബിജെപി പ്രസിഡണ്ടാണ് സാംസ്‌കാരിക- ടൂറിസം വകുപ്പ് മന്ത്രിയായ കിഷൻ റെഡ്‌ഡി.
Most Read| സംസ്‌ഥാനത്ത് കൊവിഡ് വീണ്ടും വില്ലനാകുമോ? പടരുന്നത് വ്യാപനശേഷി കൂടുതലായവ