ഹിമാചൽ പ്രദേശ്: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഹിമാചൽ പ്രദേശിലെ ധർമശാല സോണൽ ആശുപത്രിയിൽ നിന്ന് ശനിയാഴ്ച രാവിലെയാണ് അദ്ദേഹം വാക്സിൻ കുത്തിവെപ്പെടുത്തത്. അര മണിക്കൂറോളം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം അദ്ദേഹം ആശുപത്രി വിട്ടു. വാക്സിൻ എടുക്കാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് ദലൈലാമ ആഹ്വാനം ചെയ്യുകയും ചെയ്തു.
അതേസമയം, രാജ്യത്ത് കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്. അറുപത് വയസിന് മുകളിലുള്ള പൗരൻമാർക്കാണ് വാക്സിൻ നൽകുന്നത്.ഹൃദ്രോഗം പോലെയുള്ള ഗുരുതര അസുഖങ്ങളുള്ള 45 വയസിന് മുകളിലുള്ളവർക്കും ഈ ഘട്ടത്തിൽ വാക്സിൻ ലഭിക്കും. നിലവിൽ ഒന്നേകാൽ കോടി ജനങ്ങൾ രാജ്യത്ത് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.
Also Read: പെൺകുട്ടികൾക്ക് സൗജന്യ സാനിട്ടറി നാപ്കിൻ; പദ്ധതിയുമായി ആന്ധ്രാ മുഖ്യമന്ത്രി