ലക്ഷദ്വീപിന് സംസ്‌ഥാനത്തിന്റെ ഐക്യദാര്‍ഢ്യം; നിയമസഭ നാളെ പ്രമേയം പാസാക്കും

By News Desk, Malabar News
pinarayi-vijayan_malabar news
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം: ലക്ഷദ്വീപിന് സമ്പൂർണ പിന്തുണ പ്രഖ്യാപിക്കാൻ തയ്യാറായി കേരളം. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണ പരിഷ്‌കരണങ്ങൾക്കും ദ്വീപ്‌ നിവാസികളുടെ സാധാരണ ജീവിതം ദുസഹമാക്കുന്ന തീരുമാനങ്ങൾക്കുമെതിരെ കേരള നിയമസഭ നാളെ പ്രമേയം പാസാക്കും. പ്രഫുൽ പട്ടേലിനെ കേന്ദ്രം തിരിച്ചുവിളിക്കണമെന്നാണ് സംസ്‌ഥാനത്തിന്റെ ആവശ്യം. ദ്വീപ് ജനതയുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും പ്രമേയത്തിലൂടെ സർക്കാർ ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക.

പ്രമേയത്തിന്റെ പ്രസക്‌ത ഭാഗങ്ങൾ:-

നൂറ്റാണ്ടുകളായി പരസ്‌പരം ബന്ധപ്പെട്ടുകിടക്കുന്ന നാടുകളാണ് കേരളവും ലക്ഷദ്വീപും. ചരിത്രപരമായും സാംസ്‌കാരികമായുമുള്ള ഗാഢബന്ധം ഇരുപ്രദേശങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ പണ്ട് മുതലേയുണ്ട്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വാണിജ്യത്തിനുമെല്ലാം ലക്ഷദ്വീപ് നിവാസികള്‍ക്ക് കേരളവുമായാണ് കൂടുതല്‍ ബന്ധം. ഇത്തരത്തില്‍ പല തലങ്ങളിലുമുള്ള പങ്കിടലുകള്‍ വഴി കേരളജനതയ്‌ക്ക് ലക്ഷദ്വീപുകാര്‍ എല്ലാ അർഥത്തിലും സഹോദരങ്ങളാണ്.

സാംസ്‌കാരികമായുള്ള ലക്ഷദ്വീപിന്റെ സവിശേഷതകള്‍ക്കും അവരുടെ തനത് ജീവിതരീതികള്‍ക്കും മേല്‍ കടന്നുകയറ്റം നടക്കുന്നതായി ദ്വീപ് നിവാസികൾ തന്നെ അഭിപ്രായപ്പെടുകയാണ്. അവരുടെ ഭക്ഷണക്രമത്തെയും ഉപജീവന മാർഗങ്ങളെയും തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നും ലക്ഷദ്വീപുകാരുടെ ജീവനുതന്നെ വെല്ലുവിളി ഉണ്ടാകുന്ന ഭരണപരമായ നടപടിക്രമങ്ങള്‍ അഡ്‌മിനിസ്‌ട്രേറ്റർ കൈക്കൊള്ളുന്നു എന്നുമാണ് വിവരം.

ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നത് ഏതൊരു ജനാധിപത്യ സംവിധാനത്തിന്റെയും ഏറ്റവും അടിസ്‌ഥാനപരമായ കര്‍ത്തവ്യമാണ്. അത് നിറവേറ്റുന്നതിനു പകരം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ഔദ്യോഗിക തലത്തില്‍ നിന്നുതന്നെ ഉണ്ടാകുന്നു എന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. ഇപ്പോള്‍ വരുത്തിയിട്ടുള്ള പുതിയ നിയന്ത്രണങ്ങള്‍ മൂലം ധാരാളം ആളുകളെ അവര്‍ ജോലി ചെയ്‌തുകൊണ്ടിരിക്കുന്ന സ്‌ഥാപനങ്ങളില്‍ നിന്നും പിരിച്ചുവിടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ഇത് വലിയതോതിലുള്ള സാമ്പത്തിക അസമത്വങ്ങള്‍ക്കും സാമൂഹ്യ അസ്വസ്‌ഥതകള്‍ക്കും ഇടവരുത്തുന്നതാണ്.

കൊളോണിയല്‍ ഭരണാധികാരികളുടെ ചെയ്‌തികളെ പോലും വെല്ലുന്ന രീതിയിലാണ് ഒരു ജനത വില കല്‍പ്പിക്കുന്ന സാംസ്‌കാരിക തനിമക്ക് മേല്‍ ആക്രമണം നടക്കുന്നത്. ഇത് ബഹുസ്വരത മുഖമുദ്രയായുള്ള ഒരു ജനാധിപത്യ സംസ്‌കാരത്തിന് തീര്‍ത്തും അന്യം നില്‍ക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഓരോരുത്തരും ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററുടെ ഭാഗത്തുനിന്നുണ്ടാകുന്ന നടപടികളോട് ശക്‌തമായ വിയോജിപ്പ് രേഖപ്പെടുത്തേണ്ടതാണ്.

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടുത്തെ ജനങ്ങളുടെയും സവിശേഷതകള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനുണ്ട്. അതിന് വെല്ലുവിളി ഉയര്‍ത്തുന്ന അഡ്‌മിനിസ്‌ട്രേറ്ററെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നുമാണ് കേരള നിയമസഭ ഐകകണ്‌ഠേന ആവശ്യപ്പെടുന്നത്.

Also Read: യുപിയിൽ കോവിഡ് ബാധിതന്റെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞു; ബന്ധുക്കൾക്കെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE