കോട്ടയം: ബിരുദ വിദ്യാർഥിയായ ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യയെ തുടർന്ന് അടച്ചുപൂട്ടിയ അമൽജ്യോതി എൻജിനിയറിങ് കോളേജിൽ ക്‌ളാസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും. പോലീസിന്റെ പ്രത്യേക സുരക്ഷയിലായിരിക്കും ക്‌ളാസുകൾ പ്രവർത്തിക്കുക. ശ്രദ്ധയുടെ മരണത്തിന് പിന്നാലെയുണ്ടായ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്നാണ് കോളേജ് അടച്ചു പൂട്ടിയത്.
അതേസമയം, ശ്രദ്ധയുടെ മരണത്തിൽ ആരോപണ വിധേയയായ വാർഡൻ സിസ്‌റ്റർ മായയെ ചുമതലകളിൽ നിന്ന് മാറ്റി. എന്നാൽ, എച്ച്‌ഒഡി അനൂപിനെതിരെ നിലവിൽ നടപടികൾ എടുത്തിട്ടില്ല. സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. രണ്ടാം വർഷ ഫുഡ് ടെക്‌നോളജി വിദ്യാർഥിനി തൃപ്പുണിത്തുറ തിരുവാങ്കുളം സ്വദേശിനിയായ ശ്രദ്ധ സതീഷ് ആണ് കോളേജ് ഹോസറ്റലിൽ ആത്‍മഹത്യ ചെയ്‌തത്.
അതിനിടെ, ശ്രദ്ധ സതീഷിന്റെ ആത്‍മഹത്യാ കുറിപ്പിൽ ദുരൂഹത ഉയർന്നിരുന്നു. ഡിവൈഎസ്‌പി ടിഎം വർഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോളേജിലെത്തി ഹോസ്‌റ്റൽ മുറിയിൽ നടത്തിയ പരിശോധനയിൽ, ശ്രദ്ധ സഹപാഠിക്കെഴുതിയ കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചിരുന്നു. എന്നാൽ, ശ്രദ്ധ എഴുതിയ കുറിപ്പ് വ്യാജമാണെന്ന് കുടുംബം ആരോപിച്ചു. സുഹൃത്തുകൾക്ക് സ്‌നാപ് ചാറ്റിൽ 2022 ഒക്‌ടോബറിൽ അയച്ച മെസേജ് സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു.
Most Read: കൈവീശിയടിച്ചു, അസഭ്യം പറഞ്ഞു; വനിതാ ഡോക്‌ടർക്ക് നേരെ രോഗിയുടെ അതിക്രമം