ടി നസ്‌റുദ്ദീൻ; വിടവാങ്ങിയത് വ്യാപാര-വ്യവസായ സംഘടനാ മേഖലയിലെ അനിഷേധ്യ നേതാവ്

By Central Desk, Malabar News
T Nasarudheen passes away

കോഴിക്കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച ടി നസ്‌റുദ്ദീന്‍ 3 ദശാബ്‌ദമായി കേരളത്തിലെ വ്യാപാരികളുടെ അവകാശ പോരാട്ടങ്ങൾക്ക് ശക്‌തമായ നേതൃത്വം നൽകിയ നേതാവായിരുന്നു.

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന അധ്യക്ഷൻ എന്ന നിലയിൽ സംഘടന പ്രതിനിധീകരിക്കുന്ന സമൂഹത്തിന്റെ ആവശ്യങ്ങൾക്കായി എക്കാലവും ഭരണകൂടങ്ങൾക്ക് മുന്നിൽ സമ്മർദ്ദ ശക്‌തിയായി വർത്തിക്കാൻ ഇദ്ദേഹത്തിനായിട്ടുണ്ട്. വ്യാഴാഴ്​ച രാത്രി 10.30ഓടെ വിടവാങ്ങുമ്പോൾ ഇനിയാർക്കും രചിക്കാൻ കഴിയാത്ത പല ചരിത്രങ്ങളും ഇദ്ദേഹം സ്വന്തം പേരിൽ ചേർത്തിട്ടുണ്ട്.

‘കേരള വ്യാപാരി വ്യവസായി ഏകോപന സമിതി’ എന്ന സംഘടനയെ കെട്ടിപ്പടുത്ത നസ്‌റുദ്ദീന്‍ വ്യാപാരി സമൂഹവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും കൃത്യമായ നിലപാടുകള്‍ സ്വീകരിച്ചാണ് വിവിധ സർക്കാരുകൾക്ക് മുന്നിൽ പ്രതിരോധം തീർത്തിരുന്നത്. 1991 മുതലുള്ള 31 വർഷം സംഘടനയുടെ സംസ്‌ഥാന പ്രസിഡണ്ട് പദവി ഇദ്ദേഹം വഹിച്ചിരുന്നു. ചിലപ്പോൾ ഇനിയൊരു നേതാവിനും സാധ്യമാകാത്ത കാലയളവാണിത്.

വിടപറഞ്ഞ 79ആം വയസിലും സംഘടനാ പദവിയിൽ വീര്യം നിലനിറുത്തി പൊരുതാൻ ഇദ്ദേഹം കാണിച്ച ആർജ്‌ജവം അനുകരണീയമാണ്. കോവിഡുമായി ബന്ധപ്പെട്ട് കടകള്‍ ദീര്‍ഘകാലം അടച്ചിടേണ്ടി വന്നതിൽ ശക്‌തമായ പ്രതിഷേധം ഇദ്ദേഹം ഉയര്‍ത്തിയിരുന്നു. സംഘടനയെ സംസ്‌ഥാനത്തെ ഏറ്റവും കരുത്തുറ്റ പ്രസ്‌ഥാനമാക്കി വളർത്തുന്നതിൽ ഇദ്ദേഹം വഹിച്ച പങ്കു നിസ്‌തുലമാണ്. സംസ്‌ഥാന വ്യാപകമായി സംഘടനക്ക് വസ്‌തുവകകളും ഓഫീസുകളും കെട്ടിപ്പടുക്കുന്നതിൽ ഇദ്ദേഹം ശ്രദ്ധാലുവായിരുന്നു.

കോഴിക്കോട് മിഠായിത്തെരുവിലെ ബ്യൂട്ടി സ്‌റ്റോഴ്‌സ് ഉടമയായാണ് വ്യാപാര ജീവിതം ആരംഭിച്ചത്. ശേഷം, 1980ൽ മലബാർ ചേംബർ ഓഫ് കോമേഴ്‌സ് ജനറൽ സെക്രട്ടറിയായാണ് സംഘടനാ പ്രവർത്തനത്തിന് ഇദ്ദേഹം തുടക്കം കുറിച്ചത്. 1984ൽ വ്യവസായി ഏകോപന സമിതിയുടെ ജില്ലാ പ്രസിഡണ്ടായി. 1985ൽ സംസ്‌ഥാന ജനറൽ സെക്രട്ടറിയായി. 1991 മുതൽ സംസ്‌ഥാന അധ്യക്ഷനായി മരണംവരെ തുടർന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ചുനാളുകളായി വൃക്കസംബന്ധമായ അസുഖത്തിന് ചികിൽസയിലായിരുന്നു ഇദ്ദേഹം. ഇന്ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് കണ്ണംപറമ്പ് ജുമഅത്ത് പള്ളി ഖബർസ്‌ഥാനില്‍ വെച്ച് ഖബറടക്കം നടക്കും.

Most Read: ഹിജാബ് വിവാദം; ജാഗ്രതയോടെ ഒന്നിച്ചു നില്‍ക്കേണ്ട സന്ദർഭം -സമസ്‌ത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE