പാലക്കാട്: ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് ശുചീകരണ തൊഴിലാളികൾ മരിച്ചു. തമിഴ്‌നാട് സ്വദേശികളായ ലക്ഷ്‌മണൻ, റാണി, വള്ളി, ലക്ഷ്‌മണൻ എന്നിവരാണ് മരിച്ചത്. ഇതിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കിട്ടി. ഒരാളുടെ മൃതദേഹം പുഴയിലേക്ക് വീണെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
റെയിൽവേയിൽ കരാർ ജീവനക്കാരാണ് നാലുപേരും. ഷൊർണൂർ റെയിൽവേ സ്‌റ്റേഷൻ കഴിഞ്ഞുള്ള കൊച്ചിൻ പാലത്തിൽ വെച്ച് ഇന്ന് വൈകിട്ട് 3.05ഓടെയാണ് അതിദാരുണമായ അപകടമുണ്ടായത്. ട്രാക്കിലൂടെയുള്ള മാലിന്യങ്ങൾ ശേഖരിക്കുന്നതിടെ ഷൊർണൂർ പാലത്തിന് സമീപത്ത് വെച്ചാണ് ഇവരെ ട്രെയിൻ തട്ടിയത്.
പാലക്കാട്ട് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്‌പ്രസാണ് തട്ടിയത്. പുഴയിൽ വീണയാൾക്കായി പോലീസും അഗ്‌നിരക്ഷാ സേനയും മുങ്ങൽ വിദഗ്‌ധരും ഉൾപ്പടെയുള്ളവർ സ്‌ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മറ്റു മൂന്നുപേരുടെ മൃതദേഹങ്ങൾ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി ആശുപത്രിയിലേക്ക് മാറ്റി.
സംഭവ സ്‌ഥലത്ത് വെച്ചുതന്നെ നാലുപേരും മരിച്ചുവെന്ന് പോലീസ് അറിയിച്ചു. പാലത്തിൽ നിൽക്കുമ്പോൾ പെട്ടെന്ന് ട്രെയിൻ വന്നപ്പോൾ ട്രാക്കിൽ നിന്ന് മാറാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. ട്രെയിൻ വരുന്നത് ഇവർ അറിഞ്ഞിരുന്നില്ലെന്നും സൂചനയുണ്ട്. അപകടം സംബന്ധിച്ച മറ്റു കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
Most Read| ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ യുഎസിൽ; ഇന്ത്യയിലെത്തിക്കാൻ നീക്കം