ന്യൂഡെൽഹി: ടൗട്ടെ ചുഴലിക്കാറ്റ് മധ്യകിഴക്കൻ അറബിക്കടലിൽ അതിതീവ്ര ചുഴലിയായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചതോടെ രാജ്യം ആശങ്കയിൽ. ഗോവയിലെ പനാജി തീരത്തുനിന്ന് ഏകദേശം 120 കിലോമീറ്റർ പടിഞ്ഞാറ്- വടക്കു പടിഞ്ഞാറായും മുംബൈ തീരത്തുനിന്ന് 380 കിലോ മീറ്റർ തെക്ക്- തെക്ക് പടിഞ്ഞാറ് മാറിയും, തെക്ക്- തെക്ക് കിഴക്ക് ദിശയിൽ വെറാവൽ (ഗുജറാത്ത്) തീരത്തുനിന്ന് 620 കിലോമീറ്റർ ആയുമാണ് ടൗട്ടെ സ്ഥിതി ചെയ്യുന്നതെന്നാണ് ഒടുവിലെ റിപ്പോർട്.
ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് പടിഞ്ഞാറൻ തീരത്തെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കുകയാണെന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി 80ഓളം ദുരന്ത നിവാരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നാണ് ദേശീയ പ്രതിസന്ധി മാനേജ്മെന്റ് കമ്മിറ്റി നൽകുന്ന വിവരം. കരസേന, നാവികസേന, തീരസംരക്ഷണ സേന എന്നിവരും രക്ഷാപ്രവർത്തനത്തിനായി സജ്ജമാണ്.
ഗോവയിൽ കനത്ത മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂറിൽ അതിതീവ്ര ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. വടക്ക്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെ വൈകിട്ടോടെ ഗുജറാത്ത് തീരത്ത് എത്തുകയും 18ന് അതിരാവിലെയോടെ ഗുജറാത്തിലെ പോർബന്തർ, മഹുവ തീരങ്ങൾക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം 17 വരെ തുടരുമെന്നതിനാൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തുടർന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. കടലാക്രമണം, ശക്തമായ ഇടിമിന്നൽ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം.
Also Read: ലക്ഷദ്വീപ് ബോട്ടപകടം; കാണാതായ 8 പേരെ കണ്ടെത്തി, ഒരാളെ കുറിച്ച് വിവരമില്ല