പാലക്കാട്: ജില്ലയിലെ പത്ത് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പിരിച്ചുവിട്ടു. ജില്ലയിലെ പുതുനഗരം, കാവശ്ശേരി, കണ്ണബ്ര, പെരിങ്ങോട്ടുകുർശി, വടക്കഞ്ചേരി, ചിറ്റൂർ, തത്തമംഗലം, മണ്ണൂർ, കേരളശ്ശേരി, കൊപ്പം മണ്ഡലം കമ്മിറ്റികളാണ് പിരിച്ചുവിട്ടത്. ഷാഫി പറമ്പിൽ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ നിർദ്ദേശങ്ങൾ പാലിക്കാത്തതും, പ്രവർത്തനങ്ങൾ നിർജീവവുമായ കമ്മിറ്റികളെയാണ് പിരിച്ചുവിട്ടത്. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് നേതൃത്വം കടുത്ത നടപടികൾ സ്വീകരിക്കുന്നത്. പ്രവർത്തനങ്ങളിൽ സജീവമല്ലാത്ത മുഴുവൻ പേരെയും ഭാരവാഹിത്വത്തിൽ നിന്ന് ഒഴിവാക്കാനും ആലോചനയുണ്ട്.
കഴിഞ്ഞ ദിവസം മറ്റ് ജില്ലകളിലെ മണ്ഡലം കമ്മിറ്റികളും പിരിച്ചു വിട്ടിരുന്നു. പല മണ്ഡലങ്ങളിലും കമ്മിറ്റി പോലും രൂപീകരിക്കാത്ത അവസ്ഥയുണ്ട്. മണ്ഡലം പ്രസിഡണ്ട് മാത്രമാണ് നിലവിലുള്ളത്. ഇത്തരം കമ്മിറ്റികളാണ് പിരിച്ചു വിടുന്നത്.
Most Read: കൽക്കരി ക്ഷാമം; അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്രമന്ത്രിമാർ യോഗം ചേർന്നു