മലപ്പുറം: കോവിഡ് രണ്ടാം തരംഗത്തിന്റെ പാശ്‌ചാത്തലത്തിൽ രോഗ വ്യാപനം തടയാനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്‌ഡൗണിൽ ഇളവനുവദിച്ചുള്ള ഉത്തരവില്‍ ആരാധനാലയങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന് സമസ്‌ത മലപ്പുറം ജില്ലാ കോഡിനേഷന്‍ ആവശ്യപ്പെട്ടു.
അവശ്യവസ്‌തുക്കളുടെ വിൽപനക്കുപുറമെ മദ്യശാലകള്‍ പോലും തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്ന പരിധിയില്‍പ്പെടുത്തി. സര്‍ക്കാര്‍–സ്വകാര്യ സ്‌ഥാപനങ്ങളിൽ നിശ്‌ചിത ശതമാനം കണക്കാക്കി പ്രവർത്തിക്കാൻ അനുവദിക്കുന്നു. പൊതുഗതാഗതം ആരംഭിക്കുന്നു. എന്നിട്ടും, പൂര്‍ണ ശുചിത്വം ആരാധനയുടെ തന്നെ ഭാഗമായ ആരാധനാലയങ്ങളെ അവഗണിക്കുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
കോവിഡ് വ്യാപനം പിടിച്ചുകെട്ടാൻ സര്‍ക്കാര്‍ പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ വിശ്വാസികളും ആരാധനാകേന്ദ്ര കമ്മിറ്റികളും സൗകര്യങ്ങളുണ്ടാക്കിയിട്ടും ആരാധനാലയങ്ങളെ പടിക്ക് പുറത്ത് നിറുത്തുന്നത് ന്യായീകരിക്കാനാവില്ല. ആരാധനാലയങ്ങളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചും വിശ്വാസികളുടെ അവകാശങ്ങൾ നടപ്പിലാക്കാൻ ആവശ്യപ്പെട്ടും കളക്‌ടറേറ്റിന് മുന്നില്‍ ജില്ലാ നേതാക്കള്‍ ധര്‍മസമരം നടത്തി.
പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉൽഘാടനം ചെയ്‌ത ധര്‍മസമരത്തിൽ സമസ്‌ത കേരള ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംസ്‌ഥാന പ്രസിഡണ്ട് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് അധ്യക്ഷനായി. സമസ്‌തയുടെ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും ധര്‍മസമരത്തിൽ സംബന്ധിച്ചു.

വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നൽകാനുളള നിവേദനം പാണക്കാട് സയ്യിദ് ഹമദീലി ശിഹാബ് തങ്ങള്‍ സിവിൽ സ്‌റ്റേഷനിലെത്തി ജില്ലാ കളക്‌ടർക്ക് കൈമാറി.
Most Read: ലക്ഷദ്വീപിൽ ഭരണ പരിഷ്‌കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കണം; സെക്രട്ടറിമാർക്ക് പ്രഫുൽ പട്ടേലിന്റെ നോട്ടീസ്