തിരുവനന്തപുരം: നിയമസഭ ബഹിഷ്‌കരിച്ച് സഭക്ക് മുന്നില്‍ പ്രതിപക്ഷം നടത്തിയ ‘സമാന്തര നിയമസഭ’ പ്രതിഷേധത്തിനെതിരെ പരിഹാസവുമായി ഡിവൈഎഫ്ഐ സംസ്‌ഥാന സെക്രട്ടറി എഎ റഹീം. “പ്രതീകാത്‌മക മന്ത്രിസഭയില്‍ പോലും കോൺഗ്രസ് പുറത്താണ്. സ്‌പീക്കറും മുഖ്യമന്ത്രിയുമൊക്ക ലീഗാണ്. നാടകത്തിലെങ്കിലും ഒരു നല്ല വേഷം കോൺഗ്രസിന് കൊടുക്കാമായിരുന്നു,”-എഎ റഹീം ഫേസ്ബുക്കിൽ കുറിച്ചു.
മുസ്‌ലിം ലീഗ് എംഎല്‍എ പികെ ബഷീറായിരുന്നു സമാന്തര നിയമസഭയില്‍ മുഖ്യമന്ത്രിയായിരുന്നത്. പിണറായി വിജയനെ അനുകരിച്ചു കൊണ്ടായിരുന്നു ബഷീര്‍ പ്രതിഷേധത്തില്‍ സംസാരിച്ചിരുന്നത്. ലീഗ് എംഎല്‍എയായ എന്‍ ഷംസുദ്ദീനായിരുന്നു സ്‌പീക്കറായത്.
ഡോളര്‍ക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന പ്രതികളുടെ മൊഴി പുറത്തുവന്ന സാഹചര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ‘സമാന്തര നിയമസഭ’ കൂടിയത്. നിയമസഭയുടെ ഗേറ്റിന് മുന്നില്‍ പ്രതീകാത്‌മക സഭ ചേര്‍ന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചു. തൃക്കാകര എംഎല്‍എ പിടി തോമസ് അടിയന്തര പ്രമേയം അവതരിപ്പിച്ച് പ്രതിഷേധത്തിന് തുടക്കമിട്ടു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി തുടങ്ങി പ്രമുഖ നേതാക്കളെല്ലാവരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.
ഫോറിന്‍ എക്‌സ്ചേഞ്ച് ആക്‌ടിന്റെ ലംഘനമാണ് മുഖ്യമന്ത്രി നടത്തിയത് എന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഉമ്മന്‍ ചാണ്ടിക്ക് ഒരു ന്യായം പിണറായിക്ക് വേറൊരു ന്യായം എന്നതാണ് നിലപാട്. വിഷയം സഭയില്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
കേസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്ന കോടതിയുടെ പരിഗണനയിൽ ആണെന്നതിനാല്‍ പരിഗണിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അടിയന്തര പ്രമേയ നോട്ടീസ് സ്‌പീക്കർ തള്ളിയത്. വിഷയത്തില്‍ വിവിധതലങ്ങളില്‍ സെഷന്‍സ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയിലും നിയമ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഇതിനാല്‍ നിയമസഭക്ക് നോട്ടീസ് പരിഗണിക്കാന്‍ കഴിയില്ല എന്നും സ്‌പീക്കർ നിലപാട് എടുക്കുകയായിരുന്നു.
Most Read: കർദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം; ഹരജികൾ ഹൈക്കോടതി തള്ളി