മലപ്പുറം: വികസന കാര്യങ്ങളിൽ കടുത്ത നിരാശയിലായ പ്രതിപക്ഷം അനാവശ്യ വിവാദം ഉണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ജനങ്ങൾ എൽഡിഎഫിന് ഒപ്പമാണെന്നും ഇടതുമുന്നതിയിൽ ജനം വലിയ തോതിൽ വിശ്വാസം വെക്കുന്നുണ്ടെന്നും അദ്ദേഹം മലപ്പുറത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇടതുപക്ഷത്തെ നേരിടാൻ നേരായ മാർഗങ്ങൾ ഇല്ലാത്തതിനാൽ പ്രതിപക്ഷം അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. പ്രചാരണത്തിൽ ഏറെ പിന്നോട്ടുപോയ പ്രതിപക്ഷം നിരാശയിലാണ്. സംസ്ഥാനത്തെ വികസനം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ പുരോഗതി ഉണ്ടാകില്ലെന്ന പഴയ ധാരണ ഇടതുസര്‍ക്കാരിന് മാറ്റാനായി. അനാവശ്യമായ കോലാഹലങ്ങൾ ഉണ്ടാക്കി ജനശ്രദ്ധ മാറ്റാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു.
മറച്ചുവെക്കാൻ കഴിയുന്ന ഒന്നല്ല വികസനം. പ്രത്യക്ഷത്തിൽ തന്നെ നാട് മാറുന്നു എന്ന ബോധ്യം ജനങ്ങൾക്കുണ്ടായി. ഏറ്റവും വെല്ലുവിളി നിറഞ്ഞ അവസരങ്ങളിൽ പോലും അതിന്റെ ബുദ്ധിമുട്ട് കേരളത്തിലെ ജനങ്ങൾക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. അതിന് കാരണം ജനങ്ങൾക്കൊപ്പം സർക്കാർ ചേർന്നു നിന്നതാണ്. അനുഭവത്തിലൂടെ ജനങ്ങൾക്ക് അത് ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷക്കാലം നാട്ടിൽ നടന്ന വികസന പ്രവർത്തനങ്ങൾ കൂടുതൽ മികച്ച രീതിയിൽ തുടരാനാകണം എന്നാണ് ജനങ്ങളുടെ ആഗ്രഹം. നാടിന്റെ വികസനം, ക്ഷേമം മുതലായവ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കേ സാധ്യമാക്കാൻ കഴിയൂ എന്ന് ജനം വിശ്വസിക്കുന്നു. ജനങ്ങളുടെ പിന്തുണ വർധിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് ഇടതുപക്ഷത്തിലുള്ള ഈ പ്രതീക്ഷയും വിശ്വാസവും പ്രതിപക്ഷത്തെ വലിയ നൈരാശ്യത്തിലേക്ക് തള്ളിവിട്ടിരിക്കുക ആണ്. നാടിനെ പുരോഗതിയിലേക്ക് നയിക്കുന്ന തീരുമാനങ്ങളില്‍ പോലും സർക്കാരിന് ഒപ്പം നില്ക്കാന് പ്രതിപക്ഷം തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Also Read: സംസ്ഥാനത്ത് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെ