ന്യൂഡെൽഹി: ‘ദി കേരള സ്‌റ്റോറി’ വിവാദത്തിൽ വീണ്ടും പ്രതികരണവുമായി സംവിധായകൻ സുദീപ്‌തോ സെൻ. 32,000 പേരായാലും മൂന്ന് പേരായാലും വിഷയം ഗൗരവം ഉള്ളതാണെന്നും, റിലീസ് ചെയ്യുന്ന ദിവസം കേരളത്തിലെത്തി സിനിമ കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ 100 തിയേറ്ററിൽ സിനിമ റിലീസ് ചെയ്യാനാണ് ആഗ്രഹമെന്നും സംവിധായകൻ സുദീപ്‌തോ സെൻ വ്യക്‌തമാക്കി.
സത്യം മറച്ചു വെക്കാൻ ആഗ്രഹിക്കുന്നവരാണ് സംഖ്യക്ക് പിന്നാലെ പോകുന്നത്. സത്യം മറച്ചുവെക്കാൻ പലരും ശ്രമിക്കുന്നു. മൂന്ന് നിഷ്‌കളങ്കരായ പെൺകുട്ടികളുടെ കഥ മറച്ചുവെക്കണമെന്ന് ആഗ്രഹിക്കുന്നവർ ഈ കുറ്റകൃത്യം ചെയ്‌തവരിൽ പെടുന്നവരാണ്. 32,000 ഒരു കൃത്യമായ കണക്ക് അല്ല. വിവരാവകാശം വഴി അന്വേഷിക്കാൻ ശ്രമിച്ചു. എന്നാൽ, സർക്കാരും പോലീസും കണക്ക് തന്നില്ലെന്നും സുദീപ്‌തോ സെൻ പറഞ്ഞു.
ഭീഷണി ഉള്ളതിനാൽ ചർച്ചകൾ തുടരുകയാണെന്നും സംവിധായകൻ സുദീപ്‌തോ സെൻ കൂട്ടിച്ചേർത്തു. വിവാദങ്ങൾക്കിടെ, സ്‌റ്റോറിയുടെ യൂട്യൂബ് ഡിസ്‌ക്രിപ്ഷൻ വിവരം അണിയറ പ്രവർത്തകർ തിരുത്തിയിരുന്നു. 32,000 യുവതികൾ കേരളത്തിൽ നിന്ന് ഭീകരവാദ സംഘടനകളിലേക്ക് പോയെന്ന് സൂചന നൽകുന്ന വാചകം, ചിത്രത്തിന്റെ ട്രെയിലറിലെ അടിക്കുറിപ്പിൽ നിന്ന് ഒഴിവാക്കി.
കേരളത്തിലെ മൂന്ന് പെൺകുട്ടികളുടെ കഥ എന്നാണ് പുതിയ വിവരണത്തിൽ പറയുന്നത്. 32,000 കുടുംബങ്ങളുടെ കഥ എന്നായിരുന്നു ആദ്യം അടിക്കുറിപ്പിൽ നൽകിയിരുന്നത്. അതേസമയം, ‘ദി കേരള സ്‌റ്റോറിക്ക് സിനിമാ പ്രദർശനത്തിന് സ്‌റ്റേ ആവശ്യപ്പെട്ട് രാജീവ് ഗാന്ധി സ്‌റ്റഡി സർക്കിൾ എൻജിഒ ഭാരവാഹി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി.
ഹരജി പരിഗണിച്ച കോടതി അടിയന്തിര സ്‌റ്റേ എന്ന ആവശ്യം തള്ളി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് വിശദീകരണം തേടിയ ഡിവിഷൻ ബെഞ്ച്, ഹരജി പരിഗണിക്കുന്നത് വെള്ളിയാഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു. വിദ്വേഷപരമായ പരാമർശങ്ങൾ എല്ലാം സിനിമയിൽ നിന്ന് നീക്കം ചെയ്യണം, സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് നൽകിയ നടപടി റദ്ദാക്കണമെന്നും ആയിരുന്നു ഹർജിക്കാരന്റെ ആവശ്യം.
Most Read: മാനനഷ്‌ടക്കേസ്; അപ്പീലിൽ ഇന്നും വിധിയില്ല- രാഹുലിന്റെ അയോഗ്യത തുടരും