കീവ്: റഷ്യ-യുക്രൈന്‍ സംഘര്‍ഷ സാധ്യതകള്‍ ലഘൂകരിക്കാന്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് റഷ്യയോട് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും ജര്‍മന്‍ ചാന്‍സലര്‍ ഒരാഫ് ഷോള്‍സും. ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് റഷ്യന്‍ സൈനികരെ പിന്‍വലിക്കാത്തതിന് പിന്നാലെയാണ് ലോക നേതാക്കൻമാരുടെ അഭ്യർഥന.
യുക്രൈനെതിരെ റഷ്യ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് ബൈഡനുമായുള്ള ഷോള്‍സിന്റെ ഫോണ്‍ സംഭാഷണത്തിന് ശേഷം ജര്‍മന്‍ ചാന്‍സലര്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു. സേനാ പിൻമാറ്റത്തിനും റഷ്യ മുന്‍കൈ എടുത്തേ മതിയാകൂ. യുക്രൈനെതിരെ നടത്തുന്ന ഏതൊരു ആക്രമണവും ഗുരുതരമായ പ്രത്യാഘാതം വിളിച്ചുവരുത്തുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
ചൊവ്വാഴ്‌ച മോസ്‌കോയില്‍ റഷ്യന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയെ കുറിച്ചും ഷോള്‍സും ബൈഡനും സംസാരിച്ചതായാണ് റിപ്പോര്‍ട്. യുക്രൈനിലെ സ്‌ഥിതി അതീവ ഗൗരവതരമാണെന്ന് ഇരുനേതാക്കളും വിലയിരുത്തി. യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് റഷ്യ സൈന്യത്തെ പിന്‍വലിക്കുന്നതായി അവകാശപ്പെട്ടതിന് പിന്നാലെ ഈ വാദത്തെ തള്ളി നാറ്റോ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
അതിര്‍ത്തിയില്‍ സൈനിക പിൻമാറ്റത്തിന്റെ ലക്ഷണങ്ങളില്ലെന്നും സൈന്യത്തിന്റെ അംഗബലം വര്‍ധിച്ചതായി സംശയിക്കുന്നുണ്ടെന്നും നാറ്റോ അറിയിച്ചു. അതിര്‍ത്തിയില്‍ നിന്ന് ഒരു വിഭാഗം സൈന്യത്തെ റഷ്യ പിന്‍വലിച്ചെന്ന് പറയുന്നെങ്കിലും ഇതിന് സ്‌ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ അറിയിച്ചിട്ടുമുണ്ട്.
Read Also: കെഎസ്ഇബിയിൽ ഗുരുതര ക്രമക്കേടുകൾ; അന്വേഷണം വേണമെന്ന് കെ സുധാകരൻ