ന്യൂഡെൽഹി: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്നും മല്‍സരിച്ചു വിജയിച്ച രാഹുല്‍ ഗാന്ധി എംപിയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. എസ്എ ബോബ്ഡെയുടെ അധ്യക്ഷതയിലുളള മൂന്നംഗ ബെഞ്ചാണ് ഹരജി തള്ളിയത്. സരിതക്ക് ഒരു ലക്ഷം രൂപ പിഴ ശിക്ഷ വിധിക്കുകയും ചെയ്തു.
കേസില്‍ പരാതിക്കാരിയും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാവാത്തതിനാലാണ് സുപ്രീംകോടതി ഹരജി തള്ളിയത്. കോടതിയുടെ സമയം നഷ്ടപ്പെടുത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് സരിത എസ് നായര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. നിരവധി തവണ കേസ് പരിഗണിച്ചെങ്കിലും അപ്പോഴൊന്നും ഹാജരാവാന്‍ പരാതിക്കാരിയായ സരിത എസ് നായരോ അഭിഭാഷകനോ തയ്യാറായിരുന്നില്ല. ഇതാണ് കോടതിയുടെ കടുത്ത നടപടിക്ക് ഇടയാക്കിയത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്നും രാഹുല്‍ ഗാന്ധിക്ക് എതിരായി മൽസരിക്കാന്‍ സരിത എസ് നായര്‍ നല്കിയ നാമനിര്‍ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പില്‍ മൽസരിക്കാന്‍ അയോഗ്യ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തളളിയത്. എന്നാല്‍ അമേഠി മണ്ഡലത്തില്‍ നിന്നും രാഹുലിനെതിരെ മൽസരിക്കാനുള്ള പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.
Read also: നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്‍ത്തിവെച്ചു