2018 മുതൽ സരിത എസ് നായരെ ഭക്ഷണത്തിൽ രാസവസ്‌തു കലർത്തി കൊല്ലാൻ ശ്രമിക്കുന്നതായി പരാതി

നാഡികളെ ബാധിക്കുന്ന രാസവസ്‌തുക്കൾ ഘട്ടം ഘട്ടമായി നൽകി സോളാർ കേസ് പരാതിക്കാരിയായ സരിത എസ് നായരെ വധിക്കാൻ ശ്രമിച്ചതായി പരാതി. ശരീരത്തിൽ വിഷാംശം കലർന്നതായും ഇത് ഞരമ്പുകളെയും അവയവങ്ങളെയും ബാധിച്ചുവെന്നും പരാതിയിൽ പറയുന്നു.

By Central Desk, Malabar News
Trying to kill Saritha S Nair by giving chemical substance through food
സരിത എസ് നായർ (ഫയൽ ഇമേജ്)

തിരുവനന്തപുരം: സോളർ കേസിലെ പ്രതി സരിത എസ് നായർക്ക് ഭക്ഷണത്തിലൂടെ പലതവണയായി രാസവസ്‌തു നൽകി കൊല്ലാൻ ശ്രമിച്ചതായി പരാതി. രോഗം ബാധിച്ചതിനെത്തുടർന്ന് ചികിൽസ തേടിയപ്പോഴാണ് തന്റെ ശരീരത്തിൽ രാസവസ്‌തുക്കൾ എത്തിയതായി തനിക്ക് മനസിലായതെന്ന് സരിതയും പറഞ്ഞു.

2018 മുതൽ, യാത്രക്കിടയിലും മറ്റും കഴിക്കുന്ന ജ്യുസിലൂടെയും മറ്റും വളരെ ചെറിയ അളവിൽ രാസവസ്‌തു തന്റെ ശരീരത്തിൽ പ്രവേശിച്ചിട്ടുണ്ട് എന്നാണ് സരിതയുടെ അവകാശവാദം. ഇത് വർഷങ്ങളായി തുടരുന്നുണ്ടെന്ന് തനിക്ക് മനസിലായത് അടുത്തനാളുകളിൽ മാത്രമാണെന്നും സരിത വിശദീകരിക്കുന്നു.

മുൻ ഡ്രൈവർ വിനു കുമാറാണ് രാസവസ്‌തു കലർത്തിയതെന്നാണ് പരാതിയിൽ പറയുന്നത്. നാലു മാസം മുൻപ് ലഭിച്ച പരാതിയിൽ, പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. സരിത നൽകിയ പീഡനപരാതിയിലെ പ്രതികളുമായി വിനു കുമാർ ഗൂഢാലോചന നടത്തിയതായി പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.

രാസവസ്‌തു കഴിച്ചതിനെ തുടർന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടായ തന്റെ ഇടതു കണ്ണിന്റെ കാഴ്‌ച കുറഞ്ഞതായും ഇടതു കാലിന് സ്വാധീനക്കുറവ് ഉണ്ടായതായും നിലവിൽ ചികിൽസയിലാണെന്നും സരിത മാദ്ധ്യമങ്ങളോട് പറഞ്ഞു. നാഡികളുടെ പ്രവർത്തനത്തെ ബാധിച്ചതായും ക്രമേണ ശരീരത്തെ ബാധിക്കുന്ന തരത്തിലാണ് വിഷം നൽകിയതെന്നും സരിത ആരോപിക്കുന്നുണ്ട്. കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിൽസയിലാണെന്നും പൂർണ സുഖം പ്രാപിച്ച ശേഷം വിഷം നൽകിയതിന് പിന്നിൽ ആരൊക്കെയാണ് എന്നത് വെളിപ്പെടുത്തുമെന്നും സരിത പറയുന്നു.

അതേസമയം സരിതയുടെ പരാതിയിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സരിതയുടെ മുൻ ഡ്രൈവർ വിനു കുമാർ ഭക്ഷണത്തിൽ രാസവസ്‌തു കലർത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ‘സ്‌ലോ പോയ്‌സൺ’ എന്ന രീതിയാണ് ഉപയോഗിച്ചത്. ശാസ്‌ത്രീയ പരിശോധനയിൽ ശരീരത്തിലെ രാസവിഷത്തിന്റെ അളവിൽ വലിയ ഏറ്റക്കുറച്ചിലുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്.

രക്‌തത്തിൽ അമിത അളവിൽ അഴ്‌സെനിക്, മെർക്കുറി, ലെഡ് എന്നിവ കണ്ടെത്തിയതായും ഇവ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ മാരകമായ രീതിയിൽ ബാധിക്കുന്ന രാസവസ്‌തുക്കളാണെന്നും സരിത വിശദീകരിക്കുന്നുണ്ട്. അതേസമയം, തനിക്ക് വിഷം തന്നയാളെ കുറിച്ച് 2019ൽ തന്നെ സൂചന ലഭിച്ചിരുന്നതായി സരിത എസ് നായർ പറയുന്നു.

കൂടെയുണ്ടായിരുന്നവരെ ആദ്യഘട്ടത്തിൽ സംശയിച്ചില്ലെന്നും എന്നാൽ 2021 നവംബറിൽ, കൂടെയുള്ള ആരോ ആണ് തന്നെ കൊല്ലാൻ ശ്രമിച്ചതെന്ന് മനസിലാക്കിയതെന്നും 2022 ജനുവരി 3ന് യാത്രക്കിടെ കരമനയിലെ ഒരു ജൂസ് കടയിൽ വച്ചാണ് വിനു കുമാറാണ് രാസവസ്‌തു കലർത്തുന്നതെന്ന് മനസിലായതെന്നും ഇതോടെയാണ് പരാതിയിലേക്ക് കടന്നതെന്നും സരിത പറയുന്നു.

Most Read: പാല്‍ വില 5 രൂപവരെ കൂട്ടിയേക്കും; മന്ത്രി ചിഞ്ചുറാണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE