മലപ്പുറം: ജില്ലയിലെ എസ്‌വൈഎസ്‍ സംഘടിപ്പിക്കുന്ന ‘കാർഷിക ചന്തക്ക്‘ നാളെ (ശനിയാഴ്‌ച) മഞ്ചേരിയിൽ തുടക്കം കുറിക്കും. മഞ്ചേരി നെല്ലിക്കുത്തിൽ നടക്കുന്ന പരിപാടി എപി അനിൽ കുമാർ എംഎൽഎ ഉൽഘാടനം നിർവഹിക്കും.
ജില്ലയിലെ പതിനൊന്ന് കേന്ദ്രങ്ങളിലാണ് വിവിധ ദിവസങ്ങളിൽ കാർഷിക ചന്ത നടക്കുക. കരുളായി – ഒക്‌ടോബർ 16, പെരിന്തൽമണ്ണ – 30, കൊണ്ടോട്ടി – 29 & 30, വണ്ടൂർ – 27, അരീക്കോട് – 23, എടക്കര – 30, എടവണ്ണപ്പാറ – 30, മലപ്പുറം – 25, പുളിക്കൽ – 31, കൊളത്തൂർ – 30 എന്നിങ്ങനെയാണ് കാർഷിക ചന്തയുടെ ദിവസങ്ങളായി സംഘാടകർ പ്രഖ്യാപിച്ചിട്ടുള്ളത്.
‘പച്ചമണ്ണിന്റെ ഗന്ധമറിയുക പച്ചമനുഷ്യന്റെ രാഷ്‌ട്രീയം പറയുക‘ എന്ന പ്രമേയത്തിൽ ജൂണിൽ എസ്‌വൈഎസ്‍ സംസ്‌ഥാന കമ്മിറ്റി ആവിഷ്‌കരിച്ച ഹരിതമുറ്റം ക്യംപയിനിന്റെ ഭാഗമായി സംഘടിപ്പിച്ച സംഘകൃഷിയിൽ നിന്നുള്ള വിളവുകളാണ് ചന്തയിൽ വിൽപനക്ക് വരുന്നത്. യുവാക്കളിൽ കാർഷിക സംസ്‌കാരം വളർത്തുക, അദ്ധ്വാന ശീലം പ്രോൽസാഹിപ്പിക്കുക,, തരിശ് ഭൂമികൾ കാർഷിക യോഗ്യമാക്കുക, വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് ‘ഹരിതമുറ്റം‘ നടപ്പിലാക്കുന്നത്.
കാർഷിക ചന്തയിൽ പച്ചക്കറി ഉൽപന്നങ്ങൾക്ക് പുറമെ മൽസ്യം, മൺ പാത്രങ്ങൾ, കുട്ട, തുണിത്തരങ്ങൾ മുതലായവയും ലഭ്യമാക്കും. സംഘടനയുടെ 11 സോൺ കേന്ദ്രങ്ങളിൽ ആയിരം അടുക്കള തോട്ടങ്ങൾക്ക് ആവശ്യമായ വിത്തുകൾ വിതരണം ചെയ്യൽ, മികച്ച സംഘകൃഷിക്കും മികച്ച കർഷകർക്കുമുള്ള അവാർഡ് നൽകൽ പോലുള്ള പ്രവർത്തികളും ‘ഹരിതമുറ്റം’ ഭാഗമായി നടക്കുന്നുണ്ട്.
ശനിയാഴ്‌ച നടക്കുന്ന പരിപാടിയിൽ എസ്‌വൈഎസ്‍ ജില്ലാ പ്രസിഡണ്ട് സികെ ഹസൈനാർ സഖാഫി അധ്യക്ഷത വഹിക്കും. ജില്ലാ കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോക്‌ടർ പി മുസ്‌തഫ മുഖ്യാതിഥിയാകും; പത്രസമ്മേളനത്തിൽ സംഘാടകർ വിശദീകരിച്ചു.
മഞ്ചേരി നഗരസഭ സ്‌റ്റാൻന്റിങ് കമ്മിറ്റി ചെയർമാൻ ‘മരുന്നൻ’ മുഹമ്മദ്, പ്രതിപക്ഷ നേതാവ് ‘മരുന്നൻ’ സാജിദ് ബാബു, വിപിഎം ഇസ്‌ഹാഖ്, അബ്‌ദുറഹീം കരുവള്ളി, ടി മുഈനുദ്ദീൻ സഖാഫി , ടി സിദ്ദീഖ് സഖാഫി, പിപി മുജീബ് റഹ്‍മാൻ, പി യൂസുഫ് സഅദി, ശാകിർ സിദ്ദീഖി, സൈനുദ്ദീൻ സഖാഫി ചെറുകുളം, സുലൈമാൻ സഅദി, കെ സൈനുദ്ദീൻ സഖാഫി, ടിഎ നാസർ അശ്‌റഫി, യുടിഎം ശമീർ എന്നിവർ സംബന്ധിക്കുമെന്നും നേതൃത്വം അറിയിച്ചു.
Most Read: ആരും വിശന്നിരിക്കരുത്; ’10 രൂപയ്‌ക്ക് ഊണ്’ പദ്ധതിയുമായി കൊച്ചി കോർപറേഷൻ