വയനാട്: മുത്തങ്ങ-ബന്ദിപ്പൂർ വനപാതയിൽ യുവാക്കൾക്ക് നേരെ കാട്ടാനയുടെ ആക്രമണം. കർണാടക സ്വദേശികളായ രണ്ടു യുവാക്കളാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്‌ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. യുവാക്കൾ സഞ്ചരിച്ച ബൈക്കിന് നേരെ കാട്ടാന പാഞ്ഞടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ആനക്കൂട്ടത്തെ കണ്ട യുവാക്കൾ വനപാതയിൽ ബൈക്ക് നിർത്തിയതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്. യുവാക്കൾക്ക് തൊട്ടുപിന്നിൽ വന്ന കാറിൽ ഉണ്ടായിരുന്ന നാസറും കൂട്ടുകാരുമാണ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ആനക്കൂട്ടം ഭയപ്പെടുത്തിയപ്പോൾ യുവാക്കളുടെ ബൈക്ക് റോഡിൽ മറഞ്ഞു വീണിരുന്നു. ബൈക്ക് ഉയർത്താൻ ശ്രമിക്കുന്നതിനിടെ കൂട്ടത്തിലെ ഒരാന പിന്നിലൂടെ ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
ആന വരുന്നത് ആദ്യം യുവാക്കൾ കണ്ടിരുന്നില്ല. മറ്റു വാഹനത്തിൽ ഉള്ളവർ ഫോൺ അടിച്ചും മറ്റും മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും ആന തൊട്ടടുത്തെത്തി. ഇതോടെ യുവാക്കളിൽ ഒരാൾ ഓടിമാറി. ബൈക്കിൽ ഉണ്ടായിരുന്ന യുവാവ് വാഹനം വേഗം മുന്നോട്ട് എടുക്കാനും ശ്രമിച്ചു. എന്നാൽ, ആന പിന്നാലെ വന്നതോടെ നിയന്ത്രണം വിട്ട ബൈക്ക് റോഡിന് വശത്തേക്ക് വീണു. തുടർന്ന് ഓടിമാറിയ യുവാവ് റോഡിൽ ഉണ്ടായിരുന്ന കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു.
Most Read| സംസ്‌ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുമോ? അന്തിമ തീരുമാനം നാളെ