തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ഒരാൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. നെയ്യാറ്റിൻകര നഗരസഭ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെകെ ഷിബുവിനാണ് രോഗം സ്‌ഥിരീകരിച്ചത്. ആദ്യ ദിവസം മുഴുവൻ സമയവും കെകെ ഷിബു സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
നേരത്തെ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പ്രതിനിധികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഐബി സതീഷ് എംഎൽഎ, ജില്ലാ കമ്മിറ്റിയംഗം ഇജി മോഹനൻ എന്നിവർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്.
കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന പശ്‌ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ കളക്‌ടർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് സിപിഎം ജില്ലാ സമ്മേളനത്തിലും കോവിഡ് എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാളെ നടത്താനിരുന്ന പൊതുസമ്മേളനം കോവിഡ് ഭീഷണിയുടെ പശ്‌ചാത്തലത്തിൽ ഓൺലൈനായാണ് നടത്തുക.
ഒത്തുചേരലുകളും പൊതുയോഗങ്ങളും ജില്ലയിൽ നിരോധിച്ചു. 50ൽ കുറവ് ആളുകൾ പങ്കെടുക്കുന്ന യോഗങ്ങളും അനുവദിക്കില്ലെന്നാണ് ജില്ലാ കളക്‌ടറുടെ ഉത്തരവ്. നേരത്തെ നിശ്‌ചയിച്ച യോഗങ്ങളും മാറ്റിവെക്കണമെന്ന് സംഘാടകരോട് കളക്‌ടർ നിർദ്ദേശിച്ചിട്ടുണ്ട്. വിവാഹ, മരണാനന്തര ചടങ്ങുകളിൽ 50 പേർക്ക് മാത്രമാണ് അനുമതി. ജില്ലയിൽ കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം നീട്ടി