ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായക ദിനം. ലോക്‌സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാൻ കാരണമായ വിധിക്കെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ സൂറത്ത് കോടതി ഇന്ന് വിധി പറയും. ഇരുഭാഗത്ത് നിന്നുമുള്ള വാദങ്ങൾ കേട്ട ശേഷം അപ്പീലിൻമേലുള്ള വിധി ഇന്ന് പ്രസ്‌താവിക്കുമെന്ന് അഡീഷണൽ സെഷൻസ് ജഡ്‌ജി ആർപി മൊഗേര ഉത്തരവിടുകയായിരുന്നു.
ഇന്നത്തെ വിധി രാഹുലിന് ഏറെ നിർണായകമാണ്. സ്‌റ്റേ ഉത്തരവ് ഉണ്ടായില്ലെങ്കിൽ രാഹുലിന്റെ അയോഗ്യത തുടരും. അങ്ങനെ വന്നാൽ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. മജിസ്ട്രേറ്റ് കോടതി മാർച്ച് 23ന് രണ്ടു വർഷം തടവുശിക്ഷ വിധിക്കുമ്പോൾ അപ്പീലിനായി 30 ദിവസത്തെ സാവകാശം നൽകിയിരുന്നു. ഈ സമയപരിധി വരെ കാക്കാനാണ് നിലവിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. അതേസമയം, സ്‌റ്റേ അനുവദിക്കപ്പെട്ടാൽ രാഹുലിന്റെ ലോക്‌സഭാ അംഗത്വം പുനഃസ്‌ഥാപിക്കപ്പെടും.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ നടന്ന റാലിയിൽ രാഹുൽ ഗാന്ധി നടത്തിയ വിവാദ പ്രസംഗമാണ് കേസിനാദാരം. വിവാദ വജ്ര വ്യാപാരി നീരവ് മോദി, ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി എന്നിവരെ പരാമർശിച്ച് എല്ലാ കള്ളൻമാർക്കും ‘മോദി’ എന്ന് പേരുള്ളത് എന്തുകൊണ്ടാണ് എന്നായിരുന്നു രാഹുലിന്റെ പരാമർശം. പ്രചാരണത്തിനിടെ മോദി എന്ന പേരിനെക്കുറിച്ചുള്ള പരാമർശത്തിനെതിരെ ബിജെപി നേതാവ് പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.
Most Read: സ്വവർഗ വിവാഹം; സംസ്‌ഥാനങ്ങളുടെ നിലപാട് തേടി കേന്ദ്ര സർക്കാർ