ടൊവിനോയുടെ ബിഗ്ബജറ്റ് ചിത്രം ‘നടികർ തിലകം’; ചിത്രീകരണം ആരംഭിച്ചു

40 കോടിയോളം മുതൽമുടക്കിൽ അമ്പതോളം വരുന്ന അഭിനേതാക്കളെ അണിനിരത്തിയാണ് സിനിമ ഒരുങ്ങുന്നത്. 'ഡ്രൈവിങ് ലൈസൻസ്' എന്ന ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'നടികർ തിലകം'.

By Trainee Reporter, Malabar News
Nadikar Thilakam

മിന്നൽ മുരളി, തല്ലുമാല തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ സിനിമ ‘നടികർ തിലകം’ ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലെ കാക്കനാട് ഷെറാട്ടൺ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങോടെയായിരുന്നു സിനിമയുടെ ആരംഭം.

‘ഡ്രൈവിങ് ലൈസൻസ്’ എന്ന ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘നടികർ തിലകം’. 40 കോടിയോളം മുതൽമുടക്കിൽ അമ്പതോളം വരുന്ന അഭിനേതാക്കളെ അണിനിരത്തിയാണ് സിനിമ ഒരുങ്ങുന്നത്. സമീപകാലത്ത് മലയാളത്തിലിറങ്ങുന്ന ഏറ്റവും കൂടുതൽ മുതൽമുടക്കുള്ള സിനിമകൂടിയാണിത്.

വ്യത്യസ്‌തമായ ലൊക്കേഷനുകളിലൂടെ 120 ദിവസമാണ് സിനിമയുടെ ഷൂട്ടിങ് നടക്കുക. കൊച്ചി, ഹൈദരാബാദ്, കശ്‌മീർ, ദുബായ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

സൂപ്പർ താരമായ ഡേവിഡ് പടിക്കലിന്റെ അഭിനയ ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന ചില സംഭവങ്ങളും അത് തരണം ചെയ്യാനുള്ള ശ്രമങ്ങളുമാണ് സിനിമ പറയുന്നത്. ഡേവിഡ് പടിക്കലായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്. ഭാവനയാണ് നായിക. സൗബിൻ ഷാഹിറാണ് സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാല എന്ന കഥാപാത്രവുമായാണ് സൗബിൻ എത്തുന്നത്.

Nadikar Thilakam starring

ഇവർക്ക് പുറമെ ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, രഞ്‌ജിത്ത്‌, ലാൽ, ബാലു വർഗീസ്, ഇന്ദ്രൻസ്, സുരേഷ് കൃഷ്‌ണ, മധുപാൽ, ഗണപതി, അൽത്താഫ് സലിം, മണിക്കുട്ടൻ, സഞ്‌ജു ശിവറാം, ജയരാജ് കോഴിക്കോട്, ഖാലിദ് റഹ്‍മാൻ, അഭിരാം പൊതുവാൾ, ബിപിൻ ചന്ദ്രൻ, അറിവ്, മനോഹരി ജോയ്, മാലാ പാർവതി, ദേവികാ ഗോപാൽ, ബേബി ആരാധ്യ, അഖിൽ കണ്ണപ്പൻ, ജസീർ മുഹമ്മദ്, രജിത് കുമാർ, ഖയസ് മുഹമ്മദ് തുടങ്ങിയ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ഇവർക്ക് പുറമെ നിരവധി പുതുമുഖങ്ങളും ഈ സിനിമയുടെ ഭാഗമാകും. ഗോഡ് സ്‌പീഡ്‌ ആൻഡ് മൈത്രിമൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ യേർനേനി, വൈ രവിശങ്കർ, അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. പുഷ്‌പ ദ് റൈസ് പാർട്ട് 1 ഉൾപ്പടെ ഒട്ടെറെ ജനപ്രിയ സിനിമകൾ നിർമിച്ച മൈത്രിമൂവി മേക്കേഴ്‌സിന്റെ ആദ്യ മലയാള ചിത്രമാണ് ‘നടികർ തിലകം’. സുവിൻ എസ് സോമശേഖരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

രതീഷ് രാജ് എഡിറ്റിങ് നിർവഹിക്കും. യക്‌സൻ ഗാരി പെരേര, നേഹ എസ് നായർ എന്നിവർ സംഗീത സംവിധാനവും പ്രശാന്ത് മാധവ് കലാസംവിധാനവും നിർവഹിക്കും. ക്യാമറ-ആൽബി, ചീഫ് അസോസിയേറ്റ്- നിതിൻ മൈക്കിൾ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് കാരന്തൂർ, ഓഡിയോഗ്രഫി-ഡാൻ ജോസ്, വസ്‍ത്രാലങ്കാരം- എക്‌ത ഭട്ടേത്, മേക്കപ്പ്- ആർജി വയനാടൻ, ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് ചാർളി, പിആർഒ-വാഴൂർ ജോസ് തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ.

Most Read: 16 മണിക്കൂറിൽ മൂന്ന് കോടി ഉപയോക്‌താക്കൾ; ഞെട്ടിച്ച് ത്രെഡ്‌സ് ആപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE