തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ സംസ്‌ഥാനത്ത് എഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. സേഫ് കേരള എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉൽഘാടനം നാളെ മൂന്നരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. ദേശീയ-സംസ്‌ഥാന-ഗ്രാമീണ പാതകളിൽ ഉൾപ്പടെ 726 എഐ ക്യാമറകളാണ് സ്‌ഥാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്താണ് കൺട്രോൾ റൂം പ്രവർത്തിക്കുക.
അമിത വേഗത പിടികൂടാൻ നാലു ക്യാമറകൾ മാത്രമാണ് നിലവിൽ ഉള്ളത്. സോഫ്‌റ്റ്‌വെയറിൽ മാറ്റം വരുത്തുന്നതോടെ കൂടുതൽ ക്യാമറകൾ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാകുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു. പ്രധാനമായും ആറ് നിയമലംഘനങ്ങളാണ് എഐ ക്യാമറകൾ വഴി പിടികൂടുക. നിയമലംഘനങ്ങൾക്ക് കനത്ത പിഴയും ഈടാക്കും.
സീറ്റ് ബെൽറ്റും ഹെൽമറ്റും ധരിക്കാതെയുള്ള യാത്ര, ഇരുചക്ര വാഹനത്തിൽ രണ്ടിലധികം പേരുടെ യാത്ര, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം, ചുവന്ന ലൈറ്റും ട്രാഫിക് ലൈനുകളും മറികടക്കൽ, നോ പാർക്കിങ് ഏരിയയിൽ വാഹനം പാർക്ക് ചെയ്യുന്നത്, അമിത വേഗം തുടങ്ങിയവ തെളിവ് സഹിതം പിടിവീഴും.
പിഴ വിവരം
നോ പാർക്കിങ്- 250
സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ- 500
ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ- 500
മൊബൈൽ ഉപയോഗിച്ചാൽ- 2000
അമിതവേഗം- 1500
റെഡ് ലൈറ്റും ട്രാഫിക്കും മറികടന്നാൽ ശിക്ഷ കോടതി തീരുമാനിക്കും
Most Read: മിൽമ റിച്ച് കവർ പാലിന്റെ വിലവർധന പിൻവലിച്ചു