കോഴിക്കോട്: ഇന്നലെ പെയ്‌ത കനത്ത മഴയിൽ ഉരുൾപൊട്ടിയ കുറ്റ്യാടി ചുരത്തിൽ ഗതാഗതം ഭാഗികമായി പുനഃസ്‌ഥാപിച്ചതായി ജില്ലാ കളക്‌ടർ അറിയിച്ചു. അഞ്ചു മണിക്കൂറിലധികമാണ് കുറ്റ്യാടി ചുരത്തിലെ തൊട്ടിൽപ്പാലം -മാനന്തവാടി റൂട്ടിൽ ഗതാഗതം തടസപ്പെട്ടത്. അതേസമയം, മഴ തുടരുന്നതിനാൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിന്റെ പശ്‌ചാത്തലത്തിൽ അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ ഇതുവഴിയുള്ള യാത്ര നിരോധിച്ചതായി കളക്‌ടർ ഉത്തരവിറക്കിയിട്ടുണ്ട്.
ചാത്തൻകോട്ട് നടയ്‌ക്ക് സമീപം മുളവട്ടം, ഇരുട്ടുവളവ് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടിയത്. ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. ഉരുൾപൊട്ടലിനൊപ്പം മലവെള്ളപ്പാച്ചിലും പലയിടത്തും ഉണ്ടായി. പുഴയിലും റോഡിലുമെല്ലാം വെള്ളം കുത്തിയൊലിച്ചു. ഉരുൾപൊട്ടലിൽ പാറക്കൂട്ടങ്ങളും മണ്ണും കുറ്റ്യാടി പക്രന്തളം ചുരത്തിലേക്ക് ഒലിച്ചിറങ്ങി. ഇതോടെ കെഎസ്ആർടിസി ബസുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ചുരത്തിൽ കുടുങ്ങി.
തുടർന്ന്, ഫയർഫോഴ്‌സും നാട്ടുകാരും പോലീസും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ചുരത്തിൽ ഗതാഗതം പുനഃസ്‌ഥാപിച്ചത്. സമീപത്തെ പത്ത് കുടുംബങ്ങളെ ചാത്തൻകോട് നട സ്‌കൂളിലും പൂതംപാറ സ്‌കൂളിലുമായി മാറ്റി പാർപ്പിച്ചിട്ടുണ്ട്. വടകര താലൂക്കിൽ ക്യാമ്പ് ആരംഭിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അതേസമയം, ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read: ഇന്നും മഴക്ക് സാധ്യത; 8 ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ്