ന്യൂഡെൽഹി: റഷ്യ-യുക്രൈൻ യുദ്ധ പശ്‌ചാത്തലത്തിൽ ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് യുക്രൈൻ പ്രസിഡണ്ട് വ്ളാഡിമർ സെലൻസ്‌കി. മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പടെയുള്ള കൂടുതൽ വൈദ്യ സഹായങ്ങൾ നൽകണമെന്ന് അഭ്യർഥിച്ചാണ് കത്ത്.
കൂടാതെ, ഇന്ത്യയിലെ ജി20 യോഗത്തിൽ യുക്രൈൻ പ്രസിഡണ്ടിനെ കൂടി പങ്കെടുപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് എത്തിയ യുക്രൈൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമൈൻ ജപറോവയാണ് സെലൻസ്‌കിയുടെ കത്ത് കേന്ദ്രമന്ത്രി മീനാക്ഷി ലേഖിക്ക് കൈമാറിയത്. യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ അടിസ്‌ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിന് ഇന്ത്യൻ കമ്പനിയുടെ സഹായവും യുക്രൈൻ തേടിയിട്ടുണ്ട്.
നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് യുക്രൈൻ അഭിമുഖീകരിക്കുന്നത്. റഷ്യയുടെ അധിനിവേശം രാജ്യത്തെ 15 വർഷത്തെ സാമ്പത്തിക പുരോഗതി ഇല്ലാതാക്കി. മൊത്ത ആഭ്യന്തര ഉൽപ്പാദനം 29 ശതമാനം കുറയ്‌ക്കുകയും 1.7 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയും ചെയ്‌തുവെന്നാണ് ലോക ബാങ്ക് റിപ്പോർട്ടുകൾ. യുദ്ധത്തിനിടെ 461 കുട്ടികൾ ഉൾപ്പടെ 9655 സിവിലിയൻമാരെങ്കിലും മരിച്ചതായാണ് സ്‌ഥിരീകരണം. ഏകദേശം രണ്ടു ദശലക്ഷം വീടുകൾക്ക് കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
അതേസമയം, യുക്രൈനിന് കൂടുതൽ മാനുഷിക സഹായങ്ങൾ നൽകാമെന്ന് ഉറപ്പു നൽകിയതായി മീനാക്ഷി ലേഖ് ട്വിറ്ററിൽ കുറിച്ചു. എന്നാൽ, ജി20 ഉച്ചകോടിയിൽ സെലൻസ്‌കി സംസാരിക്കുമോ എന്ന കാര്യത്തിൽ ഇന്ത്യയുടെ പ്രതികരണം വന്നിട്ടില്ല.
Most Read: പഞ്ചാബിലെ സൈനിക കേന്ദ്രത്തിൽ വെടിവെപ്പ്; നാല് ജവാൻമാർക്ക് വീരമൃത്യു