ന്യൂഡെൽഹി: ഇസ്രയേൽ നിർമിത ചാര സോഫ്‌റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാരും ജഡ്‌ജിമാരും അടക്കമുള്ളവരുടെ ഫോണുകൾ ചോർത്തിയതായി കടുത്ത അഭ്യൂഹങ്ങൾ ഉയരുന്നുവെന്ന് രാജ്യസഭാ എംപി സുബ്രഹ്‌മണ്യൻ സ്വാമി. കേന്ദ്ര മന്ത്രിമാർ, ആർഎസ്‌എസ് നേതാക്കൾ, സുപ്രീം കോടതി ജഡ്‌ജിമാർ, പത്രപ്രവർത്തകർ തുടങ്ങിയവരുടെ ഫോണുകളാണ് ചോർത്തിയിരിക്കുന്നതെന്ന് ഇദ്ദേഹം ഞായറാഴ്‌ച പോസ്‌റ്റ് ചെയ്‌ത ട്വീറ്റിൽ പറയുന്നു.
വാഷിങ്ടൺ പോസ്‌റ്റ്, ഗാർഡിയൻ എന്നീ മാദ്ധ്യമങ്ങൾ ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ ഉടൻ പുറത്തുവിടുമെന്നാണ് അഭ്യൂഹമെന്ന് സുബ്രഹ്‌മണ്യൻ സ്വാമിയുടെ ട്വീറ്റിൽ പറയുന്നു. അതിന് ശേഷം താൻ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും സുബ്രഹ്‌മണ്യൻ സ്വാമി പറഞ്ഞു.
Strong rumour that this evening IST, Washington Post & London Guardian are publishing a report exposing the hiring of an Israeli firm Pegasus, for tapping phones of Modi’s Cabinet Ministers, RSS leaders, SC judges, & journalists. If I get this confirmed I will publish the list.
— Subramanian Swamy (@Swamy39) July 18, 2021
ആർക്ക് വേണ്ടിയാണ് പെഗാസസ് വിവരങ്ങൾ ചോർത്തുന്നത് എന്നത് വ്യക്‌തമല്ല. അതേസമയം, പ്രതിപക്ഷ നിരയിലെ നിരവധി പേരുടെയും ഫോണുകൾ ചാര സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ചോർത്തുന്നുണ്ടെന്ന് തൃണമൂൽ കോൺഗ്രസ് എംപി ഡെറെക് ഒബ്രിയാനും ആരോപിച്ചിട്ടുണ്ട്. സുബ്രഹ്‌മണ്യൻ സ്വാമിയുടെ ട്വീറ്റിന് മറുപടിയായാണ് ഒബ്രിയാന്റെ ആരോപണം. ഈ വാർത്തയെ ശരിവെക്കുന്ന വിധത്തിൽ രാഷ്‌ട്രീയക്കാരും മാദ്ധ്യമപ്രവർത്തകരും അടക്കമുള്ളവർ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇസ്രയേൽ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന സൈബർ കമ്പനിയായ എൻഎസ്‌ഒ ഗ്രൂപ്പ് വികസിപ്പിച്ച സോഫ്‌റ്റ്‌വെയർ പ്രോഗ്രാമാണ് പെഗാസസ്. മൊബൈൽ ഫോണുകളിൽ നുഴഞ്ഞുകയറി പാസ്‌വേഡ് അടക്കമുള്ള സ്വകാര്യ വിവരങ്ങൾ, ക്യാമറ, മൈക്രോഫോൺ, ജിപിഎസ് ലൊക്കേഷൻ തുടങ്ങി മുഴുവൻ വിവരങ്ങളും ഇതിലൂടെ ചോർത്താൻ സാധിക്കും.
Also Read: നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് നിബന്ധനകളിൽ ഇളവ് ആവശ്യപ്പെട്ട് വേൾഡ് എൻആർഐ കൗൺസിൽ