തിരുവനന്തപുരം : സംസ്‌ഥാനത്തെ വിവിധ സർവകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകൾക്ക് നാളെ തുടക്കം. കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ഹാൾ ടിക്കറ്റ് കാണിച്ച് യാത്ര ചെയ്യാനുള്ള അനുമതി ഉണ്ടായിരിക്കുമെന്ന് സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വ്യക്‌തമാക്കി. കൂടാതെ പരീക്ഷക്കായി പോകുന്ന വിദ്യാർഥികൾക്ക് യാതൊരു വിധത്തിലുള്ള തടസങ്ങളും ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.
സംസ്‌ഥാനത്ത് കോവിഡ് പ്രതിസന്ധികൾ തുടരുന്നതിനിടെയാണ് സർവകലാശാല പരീക്ഷകൾ ആരംഭിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നടത്തുന്ന പരീക്ഷകൾ രോഗവ്യാപനം വർധിക്കുന്നതിന് ഇടയാക്കുമെന്ന ആശങ്കയാണ് വിദ്യാർഥികൾ പങ്കുവെക്കുന്നത്. കൂടാതെ ഭൂരിഭാഗം വിദ്യാർഥികൾക്കും വാക്‌സിൻ ലഭ്യമായിട്ടുമില്ല. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, ആവശ്യമായ സൗകര്യങ്ങൾ പരീക്ഷകൾക്കായി തയ്യാറാക്കിയിട്ടുണ്ടെന്നും സർവകലാശാലകൾ വ്യക്‌തമാക്കി.
പൊതുഗതാഗതം പൂർണമായും പുനഃസ്‌ഥാപിക്കാത്ത സാഹചര്യത്തിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കായി വാഹനസൗകര്യം ഒരുക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. കൂടാതെ കോവിഡ് ബാധിതരായ വിദ്യാർഥികൾക്ക് നാളെ മുതൽ നടക്കുന്ന പരീക്ഷയിൽ പ്രവേശനം ഉണ്ടാകില്ലെന്ന് കാലിക്കറ്റ് സർവകലാശാല വ്യക്‌തമാക്കിയതിൽ വലിയ പ്രതിഷേധം വിദ്യാർഥികളുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. എന്നാൽ ഇവർക്ക് പരീക്ഷ എഴുതാൻ പിന്നീട് അവസരം ഒരുക്കുമെന്നാണ് സർവകലാശാല അധികൃതർ വ്യക്‌തമാക്കുന്നത്.
Read also : ടോക്കിയോ ഒളിംപിക്‌സ്; സെറീന വില്യംസ് പിൻമാറി