വാഷിങ്‌ടൺ: അടുത്ത മാസം നടക്കാനിരിക്കുന്ന ടോക്കിയോ ഒളിംപിക്‌സിൽ പങ്കെടുക്കില്ലെന്ന് അമേരിക്കൻ ഒന്നാം നമ്പർ ടെന്നീസ് താരം സെറീന വില്യംസ്. വിംബിൾഡണിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് സെറീന ഇക്കാര്യം വ്യക്‌തമാക്കിയത്.
താൻ ഒളിംപിക് പട്ടികയിൽ ഇല്ല, ഇക്കാര്യം ഇതുവരെ വ്യക്‌തമായിരുന്നില്ല. അതിനാൽ ഇത്തവണ ഒളിംപിക്‌സിൽ താൻ ഉണ്ടാകില്ലെന്ന് സെറീന വില്യംസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മുൻ എറ്റിപി ലോക ഒന്നാം നമ്പർ താരമാണ് സെറീന. 23 സിംഗിൾസും 14 ഡബിൾസും 2 മിക്‌സഡ് ഡബിൾസും ഉൾപ്പടെ 39 ഗ്രാൻഡ് സ്‌ളാമുകൾ ഇവർ നേടിയിട്ടുണ്ട്.
സ്‌പാനിഷ് ടെന്നീസ് താരം റാഫേൽ നദാൽ ടോക്കിയോ ഒളിംപിക്‌സിൽ നിന്നും വിംബിൾഡൺ മൽസരത്തിൽ നിന്നും പിൻമാറിയതിന് പിന്നാലെയാണ് സെറീനയുടെ പ്രഖ്യാപനം. ഒളിംപിക്‌സിൽ നിന്ന് പിൻമാറാൻ ഒരുപാട് കാരണങ്ങളുണ്ടെന്നാണ് സെറീന പറയുന്നത്. അതേസമയം, വിംബിൾഡണിൽ തന്റെ 24ആമത് ഗ്രാൻഡ്‌സ്‌ളാം നേടാൻ ശ്രമിക്കുമെന്നും സെറീന പറഞ്ഞു.
Also Read: 100 വയസുള്ള മാതാവും താനും വാക്‌സിൻ സ്വീകരിച്ചു; വാക്‌സിൻ എടുക്കാൻ മടിക്കരുതെന്ന് പ്രധാനമന്ത്രി