പശു ആംബുലൻസിനായി ഫണ്ട് അനുവദിച്ചു; പദ്ധതി ഉൽഘാടനം ഉടൻ 

By News Desk, Malabar News
cow ambulance up
Representational Image

ലഖ്‌നൗ: ഗുരുതര രോഗം ബാധിച്ച പശുക്കൾക്ക് അടിയന്തര ചികിൽസാ സൗകര്യം ഒരുക്കുന്നതിനായി ആംബുലൻസ് സേവനം ഉറപ്പാക്കാൻ നടപടികൾ വേഗത്തിലാക്കി യുപി സർക്കാർ. 520 പശു ആംബുലൻസുകൾക്കുള്ള ഫണ്ട് ലഭിച്ചുവെന്ന് സംസ്‌ഥാന ക്ഷീര വികസന മന്ത്രി ലക്ഷ്‌മി നാരായണ്‍ ചൗധരി അറിയിച്ചു.

‘പശുക്കളെ സംരക്ഷിക്കാൻ ഗവൺമെന്റ് തുടർച്ചയായ നടപടികൾ സ്വീകരിച്ചുവരികയാണ്. 520 പശു ആംബുലൻസുകൾക്കുള്ള ഫണ്ട് ഇപ്പോൾ ലഭിച്ചു. പശുക്കളുടെ രോഗമോ അപകടമോ സംബന്ധിച്ച് വിവരം ലഭിച്ചാൽ 15 മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തും. പദ്ധതി മുഖ്യമന്ത്രി ഉടൻ ഉൽഘാടനം ചെയ്യും’; ചൗധരി അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. പിന്നാലെ ഫണ്ട് അനുവദിച്ച കാര്യം മന്ത്രി വെളിപ്പെടുത്തുകയായിരുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ പശുക്കൾക്ക് ഇത്തരത്തിലൊരു സേവനം ഉറപ്പാക്കുന്നതെന്ന് യുപി സർക്കാർ അവകാശപ്പെടുന്നു. ആംബുലൻസിൽ ഒരു മൃഗഡോക്‌ടർ രണ്ട് സഹായികൾ എന്നിവരുണ്ടാകും. ഗുരുതരാവസ്‌ഥയിലുള്ള പശുവിനെ കുറിച്ച് മൂന്നക്ക നമ്പറിൽ വിളിച്ച് വിവരം നൽകിയാൽ 15 മിനിറ്റിനുള്ളിൽ ആംബുലൻസ് എത്തും. പശുവിന് മികച്ച ചികിൽസ ഉറപ്പാക്കും.

അടുത്ത മാസം മുതൽ പദ്ധതി നിലവിൽ വരുമെന്നാണ് പ്രഖ്യാപനം. ഇതിനായി ലഖ്‌നൗവിൽ കോൾ സെന്ററും സജ്‌ജമാക്കും. ഇവിടേക്കാണ് പശുക്കൾക്കായുള്ള അടിയന്തര വിളി എത്തുക. തുടർന്ന്, ഇവിടെ നിന്ന് അതാത് സ്‌ഥലത്തുള്ള ആംബുലൻസുകൾക്ക് നിർദ്ദേശം നൽകും. മഥുര അടക്കമുള്ള എട്ട് ജില്ലകളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുക.

നേരത്തെ, പശുക്കളെ ദത്തെടുക്കണമെന്ന് നേതാക്കളോട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് ആരെങ്കിലും ഒരു പശുവിനെ ദത്തെടുത്താല്‍, അയാള്‍ക്ക് പ്രതിമാസം 900 രൂപ സര്‍ക്കാരില്‍ നിന്ന് ലഭിക്കുമെന്നും യോഗി പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാലയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും പശുക്കള്‍ക്ക് വേണ്ടി രംഗത്തെത്തിയിരുന്നു. പശുക്കള്‍ക്ക് ഹോസ്‌റ്റല്‍ നിർമിക്കണമെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ ആവശ്യം. മധ്യപ്രദേശിലെ സാഗര്‍ യൂണിവേഴ്‌സിറ്റി അധികൃതരോടാണ് കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല പശുക്കള്‍ക്ക് വേണ്ടി ഹോസ്‌റ്റല്‍ നിർമിക്കാൻ നിര്‍ദ്ദേശം നല്‍കിയത്.

Also Read: പോസ്‌റ്റുമോര്‍ട്ടം ഇനി രാത്രിയിലും നടത്താം; മാറുന്നത് ബ്രിട്ടീഷ്‌കാലം മുതലുള്ള നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE