ലഖ്‌നൗ: യോഗി ആദിത്യനാഥ് സർക്കാരിൽ 24 മണിക്കൂറിനിടെ രണ്ടാമത്തെ രാജി. യുപി വനം വകുപ്പ് മന്ത്രി ദാരാ സിംഗ് ചൗഹാൻ ആണ് ഇന്ന് രാജിവച്ചത്. ചൊവ്വാഴ്‌ച ഉത്തർപ്രദേശിലെ തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യ മന്ത്രിസഭയിൽ നിന്ന് രാജിവച്ചിരുന്നു. അദ്ദേഹത്തെ പിന്തുടർന്ന് നാല് എംഎൽഎമാരും രാജി പ്രഖ്യാപിച്ചിരുന്നു.
പിന്നാക്ക വിഭാഗങ്ങളെയും ദളിതരെയും സർക്കാർ അവഗണിച്ചെന്ന് ആരോപിച്ചാണ് ദാരാ സിംഗ് ചൗഹാൻ സ്‌ഥാനം രാജിവച്ചത്. അദ്ദേഹത്തിന്റെ ഭാവി കാര്യങ്ങളെക്കുറിച്ച് നിലവിൽ പ്രതികരണം വന്നിട്ടില്ല.
അതേസമയം, മന്ത്രിസ്‌ഥാനം മാത്രമാണ് താൻ രാജിവച്ചതെന്നും ഇപ്പോഴും ബിജെപി അംഗമാണെന്നും ഉത്തർപ്രദേശ് മുൻ മന്ത്രി സ്വാമി പ്രസാദ് മൗര്യ ഇന്ന് പ്രതികരിച്ചു. “ഞാൻ മന്ത്രിസ്‌ഥാനം മാത്രമാണ് രാജിവെച്ചത്. ഞാൻ ഉടൻ തന്നെ ബിജെപി വിടും. തൽക്കാലം ഞാൻ സമാജ്‌വാദി പാർട്ടിയിൽ ചേരുന്നില്ല,” സ്വാമി പ്രസാദ് മൗര്യ ഇന്ന് പറഞ്ഞു. ബിജെപിയെ താൻ തള്ളിക്കളഞ്ഞതാണെന്നും തിരികെ പോകുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
തന്റെ രാജി പാർട്ടിയെ ഉലച്ചെന്നും മൗര്യ അവകാശപ്പെട്ടു. എന്റെ നീക്കം ബിജെപിയിൽ കൊടുങ്കാറ്റ് ഉണ്ടാക്കിയിട്ടുണ്ട്. മന്ത്രിമാരും എംഎൽഎമാരും തനിക്കൊപ്പം പാർട്ടി വിടുമെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ ഇന്നും നാളെയും എന്റെ ജനങ്ങളോട് സംസാരിക്കും. എന്റെ അടുത്ത രാഷ്‌ട്രീയ നീക്കം 14ന് (വെള്ളിയാഴ്‌ച) വെളിപ്പെടുത്തും. എന്റെ തീരുമാനവും എന്റെ കൂടെ ആരൊക്കെ വരുമെന്നതും ഞാൻ നിങ്ങളോട് പറയും,”- മൗര്യ വ്യക്‌തമാക്കി.
ദളിതരോടും കർഷകരോടും ബിജെപി സർക്കാർ കാണിക്കുന്ന അവഗണന ചൂണ്ടിക്കാട്ടിയാണ് സ്വാമി പ്രസാദ് മൗര്യ മന്ത്രിസഭയിൽ നിന്ന് രാജിവച്ചത്. ദളിതർ, കർഷകർ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ, തൊഴിൽരഹിതരായ യുവാക്കൾ എന്നിവരോട് യോഗി ആദിത്യനാഥ് സർക്കാർ അവഗണന കാണിക്കുന്നതായി മൗര്യ തന്റെ രാജിക്കത്തിൽ ആരോപിച്ചു.
Most Read: പഞ്ചാബിലെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയെ ജനങ്ങൾ തീരുമാനിക്കും; സിദ്ദു