ഉപ്പള: കാസർഗോഡ് ജില്ലയിൽ കോവിഡിനൊപ്പം ഡെങ്കിയും പിടിമുറുക്കുന്നു. ഉപ്പളയിൽ വ്യാപാരികൾ ഉൾപ്പടെ ഇരുപതിലേറെ പേർക്കാണ് രോഗം സ്‌ഥിരീകരിച്ചിരിക്കുന്നത്. ബസ് സ്‌റ്റാൻഡിനടുത്തെ വ്യാപാരികളും ജീവനക്കാരുമാണ് ഡെങ്കിപ്പനിയെ തുടർന്ന് ചികിൽസ തേടിയത്. ബസ് സ്‌റ്റാൻഡിലെ ശുചിമുറിയുടെ മുകൾ ഭാഗത്ത് മാലിന്യം കെട്ടിക്കിടക്കുന്നതാണ് രോഗം പകരാനുണ്ടായ പ്രധാന കാരണം.
ഇതിൽ കൊതുകുകളും കൂത്താടികളും ഏറെയുണ്ട്. ഇവിടെ നിന്നാണ് പരിസരത്തെ കടകളിലെ ജീവനക്കാർക്ക് കൊതുക് കടിയേൽക്കുന്നത്. ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് ബസ് സ്‌റ്റാൻഡിലേക്ക് എത്തുന്നത്. ശുചിമുറി കെട്ടിടത്തിന്റെ മുകൾ നിലയിൽ മലിനജലം കെട്ടിക്കിടക്കുന്നത് ആരും പെട്ടെന്ന് തിരിച്ചറിയുന്നില്ല. ഇവിടെയുള്ള മാലിന്യം നീക്കാൻ അധികൃതർ വേണ്ട ഇടപെടലുകൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഡെങ്കിപ്പനി ബാധിച്ച ആളുകൾ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇതിനിടെ ഉപ്പളയിലെ ഒരു സ്വകാര്യ പാർപ്പിട സമുച്ചയത്തിൽ നിന്നുള്ള മലിനജലം ദുരിതമാകുന്നുണ്ട്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ടും നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
Also Read: പണിമുടക്കിൽ പങ്കെടുത്തവർക്ക് ശമ്പളമില്ല; വിധിക്കെതിരെ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ