കണ്ണൂർ: വളപട്ടണം മന്നയിൽ വ്യാപാരിയുടെ വീട്ടിൽ നിന്ന് ഒരുകോടി രൂപയും 300 പവൻ സ്വർണവും വജ്രാഭരണങ്ങളും കവർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മോഷ്‌ടാവ് കവർച്ച നടത്തിയതിന്റെ തലേ ദിവസവും ഇതേ വീട്ടിൽ കയറിയിരുന്നതായി പോലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പോലീസ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. ഗേറ്റിന് പുറത്ത് നിന്നും മോഷ്‌ടാക്കൾക്ക് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം. വീട്ടിൽ ആളില്ലാത്തത് കൃത്യമായി മനസിലാക്കിയാണ് മോഷണം നടത്തിയത്. വീടിനകത്ത് നിന്നും ലഭിച്ച ഉളിയും കൈവിരൽ അടയാളങ്ങളും കേസിൽ നിർണായകമാണ്.
അതേസമയം, കേസ് അന്വേഷണം മറ്റു സംസ്‌ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്‌തമാക്കി. വളപട്ടണം മന്ന കെഎസ്ഇബി ഓഫീസിന് സമീപമുള്ള അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. അരി മൊത്ത വ്യാപാരിയാണ് അഷ്‌റഫ്. ഇക്കഴിഞ്ഞ 19ആം തീയതിയാണ് അഷ്റഫും കുടുംബവും വീട് പൂട്ടി മധുരയിലെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയത്.
ഈ സമയത്തായിരുന്നു മോഷണം. യാത്ര കഴിഞ്ഞു ഇന്നലെ രാത്രി തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നതറിഞ്ഞത്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷണം പോയത്. കഴിഞ്ഞ ബുധനാഴ്‌ചയാണ് മോഷണം നടന്നതെന്നാണ് സംശയം. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്‌ടാക്കൾ വീടിനുള്ളിൽ കടന്നത്.
Most Read| യുദ്ധഭീതി ഒഴിയുന്നു; ഇസ്രയേൽ-ലബനൻ വെടിനിർത്തലിന് ധാരണ- പ്രഖ്യാപിച്ച് ബൈഡൻ