കോഴിക്കോട്: വിലങ്ങാട് ഉണ്ടായ ഉരുൾപൊട്ടലിൽ സംഭവിച്ച നാശനഷ്‌ടത്തിന്റെ വിവരങ്ങൾ കൈമാറാൻ ഈ മാസം 20 വരെ സമയം നൽകി. കണക്കെടുപ്പ് പൂർത്തിയായിട്ടില്ല എന്നിരിക്കെയാണ് നഷ്‌ടം സംബന്ധിച്ച വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറുന്നതിന് ഉന്നതതല യോഗം സാവകാശം നൽകിയത്.
വാണിമേൽ പഞ്ചായത്തിലാണ് ഉരുൾ പൊട്ടൽ വൻനാശം വിതച്ചതെങ്കിലും സമീപ പഞ്ചായത്തുകളായ നരിപ്പറ്റ, നാദാപുരം, വളയം, ചെക്യാട്, എടച്ചേരി എന്നീ പഞ്ചായത്തുകളിൽ ഉണ്ടായ നഷ്‌ടങ്ങളുടെ കണക്കെടുക്കാനും യോഗത്തിൽ തീരുമാനമായി. ഈ മാസം 30 വരെ നഷ്‌ടങ്ങൾ സംബന്ധിച്ച കണക്ക് കർഷകർക്ക് കൃഷി ഭവനുകളിലൂടെയും നൽകാം. ഇതിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും നഷ്‌ടപരിഹാരം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
ശനിയാഴ്‌ച റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഡ്രോൺ സർവേയിൽ കൂടുതൽ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും നാശനഷ്‌ടവും ഉണ്ടായതായി കണ്ടെത്തി. ഡ്രോൺ വഴി ശേഖരിച്ച വിവരങ്ങളും അപേക്ഷകരിൽ നിന്നും വിവിധ വകുപ്പുകളിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങളും ചേർത്തായിരിക്കും നഷ്‌ടം കണക്കാക്കുക.
വിലങ്ങാടും പരിസരങ്ങളിലുമായി 24 ഇടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായെന്നാണ് കണക്കാക്കിയിരുന്നതെങ്കിലും കൂടുതൽ ഇടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടാകാമെന്നാണ് നിഗമനം. മണ്ണ്, ഭൗമ ശാസ്‌ത്ര, പരിസ്‌ഥിതി വിദഗ്‌ധ വിഭാഗം അടങ്ങുന്ന സംഘവും വിലങ്ങാട്ടെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തും. പുനരധിവാസത്തിന് എവിടെയൊക്കെ സ്‌ഥലം അനുയോജ്യമാകും എന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കും. ഇനിയും ഉരുൾപൊട്ടലിന് സാധ്യതയുള്ള ഇടങ്ങളും സംഘം കണ്ടെത്തി സർക്കാരിന് റിപ്പോർട് നൽകും.
Most Read| 2000 കിലോഗ്രാം ഭാരം, ഒറ്റയടിക്ക് 30 കോടി മുട്ട; വിഴിഞ്ഞത്ത് അപൂർവ കാഴ്‌ചയായി സൂര്യമൽസ്യം