കൊലപാതകത്തിന് സമാനം, കിരണിന് പശ്‌ചാത്താപമില്ലെന്ന് പ്രോസിക്യൂഷൻ; ശക്‌തമായ വാദം

By News Desk, Malabar News
Verdict Will Be On Tomorrow In The Kollam Vismaya Case
Ajwa Travels

കൊല്ലം: വിസ്‌മയ കേസിലെ ശിക്ഷാവിധിക്ക് മുൻപ് കോടതിയില്‍ നടന്നത് ശക്‌തമായ വാദിപ്രതിവാദം. പ്രതി കിരണ്‍കുമാറിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ പ്രതിഭാഗം അത് എതിർത്തു.

ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെയാണ് കോടതി നടപടികള്‍ ആരംഭിച്ചത്. എന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ തല കുനിച്ച് നിന്ന കിരൺ ‘അച്ഛനും അമ്മക്കും സുഖമില്ല. അച്ഛന് ഓര്‍മക്കുറവുണ്ട്, അതിനാല്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. അമ്മക്ക് രക്‌തസമ്മര്‍ദവും വാതരോഗവും പ്രമേഹവുമുണ്ട്. കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നും കുടുംബത്തിന്റെ ഏക ആശ്രയം താനാണെന്നും തന്റെ പ്രായം പരിഗണിക്കണമെന്നും പറഞ്ഞു.

അതേസമയം, ഇത് ഒരു വ്യക്‌തിക്കെതിരേയുള്ള കേസല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. സ്‌ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരേയുള്ള കേസാണ്. സ്‌ത്രീധനം വാങ്ങിയ പ്രതി ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ കൂടിയാണ്. സ്‌ത്രീധനത്തിന് വേണ്ടി മാത്രമാണ് പ്രതി ഭാര്യയെ ഉപദ്രവിച്ചത്. വിസ്‍മയയുടെ ആത്‌മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും അതിനാല്‍ ശിക്ഷാവിധി മാതൃകാപരമാകണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

സര്‍ക്കാര്‍ ജീവനക്കാരന്‍ ഒരു വിലപിടിപ്പുള്ള ഉൽപന്നമാണെന്ന് സ്വയം ധരിക്കാന്‍ പാടില്ല. സ്‌ത്രീധനത്തിന്റെ പേരില്‍ പ്രതി ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചു. കിരണ്‍കുമാര്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്, വിദ്യാസമ്പന്നനാണ്, എന്നിട്ടും പ്രതിക്ക് പശ്‌ചാത്താപമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഭാര്യയുടെ മുഖത്തിട്ട് ചവിട്ടിയതിലൂടെ എന്ത് സന്ദേശമാണ് പ്രതി സമൂഹത്തിന് നല്‍കുന്നത്.

ഈ കേസ് രാജ്യം മുഴുവന്‍ ഉറ്റുനോക്കുന്ന കേസാണെന്നും രാജ്യം മുഴുവന്‍ ഈ വിധിയെ ശ്രദ്ധിക്കുമെന്നും അതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. പ്രതി നിരന്തരപീഡനത്തിലൂടെ ഭാര്യയുടെ ആത്‌മാവിനെ കൊന്നു. അതിനാല്‍ ജീവപര്യന്തം വരെ തടവ് നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദത്തില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, പ്രോസിക്യൂഷൻ വാദത്തെ എതിർത്ത പ്രതിഭാഗം പരിഷ്‌കൃത സമൂഹത്തില്‍ ലോകത്തെവിടെയും ആത്‌മഹത്യാ പ്രേരണാക്കുറ്റത്തിന് ജീവപര്യന്തം നൽകിയിട്ടില്ലെന്ന് വാദിച്ചു. സമാനമായ കേസിൽ ഒരു പോലീസുകാരന് സുപ്രീം കോടതി പത്ത് വർഷം തടവിന് ശിക്ഷിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടി.

കൊലപാതകത്തിന് സമാനമല്ല ആത്‌മഹത്യ, നരഹത്യയും ആത്‌മഹത്യയും വ്യത്യസ്‌തമാണ്. പ്രതി നേരിട്ട് സ്‌ത്രീധനം ആവശ്യപ്പെട്ടതായി കേസില്‍ പറയുന്നില്ല. ഇത്തരം കേസില്‍ ഉള്‍പ്പെടുന്ന യൂണിഫോമിട്ട ആദ്യ വ്യക്‌തിയല്ല പ്രതി. പ്രതി ജയിലിലൊന്നും മോശമായി പെരുമാറിയിട്ടില്ല, മറിച്ചാണെങ്കില്‍ ജാമ്യം ലഭിക്കില്ലായിരുന്നു. പ്രതിക്ക് പശ്‌ചാത്താപമില്ലെന്ന് പ്രോസിക്യൂഷന്‍ അളന്നുനോക്കിയോ എന്നും പ്രതിഭാഗം ചോദിച്ചു.

മാദ്ധ്യമ ശ്രദ്ധയുള്ള കേസാണെന്ന സ്വാധീനം ശിക്ഷാവിധിയില്‍ ഉണ്ടാകരുത്. പ്രതിയുടെ പ്രായവും വിദ്യാഭ്യാസയോഗ്യതയും കുടുംബ പശ്‌ചാത്തലവും കോടതി പരിഗണിക്കണം. സൂര്യന് കീഴില്‍ ആദ്യമായി നടക്കുന്ന സ്‌ത്രീധന മരണമല്ല ഇതെന്നും പ്രതിഭാഗം ശിക്ഷാവിധിക്ക് മുമ്പുള്ള വാദത്തില്‍ പറഞ്ഞു.

Most Read: റോയിറ്റേഴ്‌സിലെ മലയാളി മാദ്ധ്യമ പ്രവർത്തകയുടെ മരണം; അന്വേഷണം പാതിവഴിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE