കൊച്ചി: എറണാകുളം കലൂരിൽ ഓട നിർമാണത്തിനിടെ മതിൽ ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. രണ്ട് പേർ മതിലിന്റെ അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കുടുങ്ങിയെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. ഇതിലൊരാളെ അഗ്‌നിരക്ഷാ സേന പ്രവർത്തകർ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. അവശിഷ്‌ടങ്ങൾക്ക് ഇടയിൽ കാല് കുടുങ്ങിയ ആളേയും കോൺക്രീറ്റ് പൊളിച്ച് രക്ഷാപ്രവർത്തകർ പുറത്തെടുത്തു.
ഈ സമയത്താണ് മൂന്നാമതൊരാൾ കൂടി കുടുങ്ങി കിടക്കുന്നുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്. പിന്നീട് ഇയാളേയും അഗ്‌നിരക്ഷാ സേനാ പ്രവർത്തകർ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
ആന്ധ്രാപ്രദേശ്, ചിറ്റൂർ സ്വദേശികളായ മൂന്ന് തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ധനപാലൻ എന്ന തൊഴിലാളിയാണ് മരിച്ചത്. ശിവാജി, ബംഗാരു സ്വാമി നായിക് എന്നിവർക്കാണ് പരിക്കേറ്റത്.
ഷേണായീസ് ക്രോസ് റോഡിലാണ് അപകടമുണ്ടായത്. കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായായിരുന്നു ഓട നിർമാണം. ഓട വെട്ടുന്നതിനിടെ സമീപത്തുണ്ടായിരുന്ന മതിൽ ഇവരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. കാലപ്പഴക്കം കാരണം മതിൽ ഇടിഞ്ഞു വീണതാണെന്നാണ് പ്രാഥമിക നിഗമനം.
Most Read: ടിസി വേണ്ട; വിദ്യാർഥികൾക്ക് ഇഷ്‌ടമുള്ള സ്‌കൂളിൽ ചേരാമെന്ന് മന്ത്രി