വയനാട്: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. അതിനിടെ, മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ബാധിച്ച സ്‌ഥലങ്ങളിലും പുനരധിവാസത്തിനായി കണ്ടെത്തിയ സ്‌ഥലങ്ങളിലും സംസ്‌ഥാന സർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്‌ധ സമിതി സൂക്ഷ്‌മ പരിശോധന നടത്തി വിവരശേഖരണം തുടരുകയാണ്.
ജില്ലയിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകിട്ട് ചൂരൽമല, മുണ്ടക്കൈ മേഖലയിൽ കനത്തമഴ പെയ്‌തതോടെ, ചൂരൽമല, പൂത്തുമല എന്നിവിടങ്ങളിൽ നിന്നായി 83 പേരെ മാറ്റിപ്പാർപ്പിച്ചു. തൃക്കൈപ്പറ്റ സ്‌കൂളിലെ ക്യാമ്പിലാണ് ഇവർ താമസിക്കുന്നത്. മഴമൂലം ഇന്നലെ മുടങ്ങിയ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടത്താനാണ് തീരുമാനം.
ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയുന്നതിനൊപ്പം കാണാതായവരുടെ പട്ടിക പുതുക്കാനാകും എന്നാണ് പ്രതീക്ഷ. മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഉൾപ്പടെ 401 ഡിഎൻഎ പരിശോധന കഴിഞ്ഞു. ഇതിൽ 349 ശരീര ഭാഗങ്ങൾ 248 പേരുടേതാണെന്ന് തിരിച്ചറിഞ്ഞു. കൂടുതൽ അഴുകിയ ശരീര ഭാഗങ്ങളുടെ ഫലം ഇനിയും വൈകും.
വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസം നൽകുന്നതിനുള്ള നടപടികൾ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കേന്ദ്രത്തിന് നൽകേണ്ട വിവരങ്ങൾ അതിവേഗം തയ്യാറാക്കാനുള്ള നടപടികളും സ്വീകരിക്കും. ദുരന്തത്തിന് ഇരയായവരെ വാടക വീടുകളിലേക്ക് മാറ്റുന്നതിനാണ് ഇപ്പോൾ മുൻഗണന. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Most Read| സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ മുന്നറിയിപ്പ്