യുഎസ് പാർലമെന്റ് കലാപം: മരണനിരക്ക് ഉയർന്നേക്കും; ട്രംപിന് എതിരെ ലോകം

By Trainee Reporter, Malabar News
പാർലമെന്റ് മന്ദിരത്തിൽ നടക്കുന്ന പ്രതിഷേധത്തിനിടയിൽ നിന്നും
Ajwa Travels

വാഷിങ്ടൺ: അമേരിക്കൻ പാർലമെന്റ് മന്ദിരത്തിൽ നടന്ന ട്രംപ് അനുകൂലികളുടെ പ്രതിഷേധ പ്രകടനത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. കലാപത്തിൽ ഇതുവരെ നാലുപേർ കൊല്ലപ്പെട്ടു. പോലീസിന്റെ വെടിയേറ്റ് ഒരു സ്‌ത്രീ അടക്കം നാലുപേരാണ് കൊല്ലപ്പെട്ടത്. നിരവധിപേർക്ക് കലാപത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമത്തിന് എതിരെ ലോകവ്യാപകമായി കനത്ത പ്രതിഷേധം ഉയരുകയാണ്.

കലാപത്തിൽ മോദി അടക്കമുള്ള ലോകനേതാക്കൾ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വാഷിങ്ടണിലെ കലാപത്തെ കുറിച്ചും അതിക്രമങ്ങളെ കുറിച്ചുമുളള വാര്‍ത്തകള്‍ കണ്ടതില്‍ വിഷമമുണ്ട്. സമാധാനപരമായ ഭരണകൈമാറ്റം നിര്‍ബന്ധമായും തുടരേണ്ടതുണ്ട്. നിയമ വിരുദ്ധമായ പ്രതിഷേധങ്ങളിലൂടെ ജനാധിപത്യ നടപടികള്‍ ധ്വംസിക്കപ്പെടാന്‍ പാടില്ലെന്നാണ് മോദി പ്രതികരിച്ചത്.

പ്രതിഷേധ പ്രകടനത്തെ തുടർന്ന് റിപ്പബ്ളിക്കൻ പാർട്ടിക്കുള്ളിലും ട്രംപ് ഒറ്റപ്പെടുകയാണ്. പ്രസിഡണ്ടിനെ ഇംപീച്ച് ചെയ്യാനുള്ള നടപടികളും പുരോഗമിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. റിപ്പബ്ളിക്കൻ മന്ത്രിമാരിൽ പലരും രാജിവെക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ പാർലമെന്റ് ചരിത്രത്തിലെ കറുത്ത അധ്യായമായി ഈ ദിനം മാറുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

പാർലമെന്റ് മന്ദിരമായ ക്യാപിറ്റോളിലേക്ക് ആയുധങ്ങളുമായി ഇരച്ചുകയറിയ പ്രതിഷേധക്കാരെ തടയുന്നതിൽ നാഷണൽ ഗാർഡ്‌സ് ദയനീയമായി പരാജയപ്പെടുകയായിരുന്നു. അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കുന്നതിനായി ചേർന്ന ഇരു സഭകളും അപ്രതീക്ഷിത ആക്രമണത്തിന് മുന്നിൽ പകച്ച് പകുതിവഴിയിൽ നിർത്തിവെച്ചു. സെനറ്റർമാരെ പാർലമെന്റിൽ നിന്നും നീക്കിയശേഷം നാലുമണിക്കൂറിലേറെ നേരം പണിപ്പെട്ടാണ് പ്രതിഷേധക്കാരെ ക്യാപിറ്റോളിൽ നിന്നും ഒഴിപ്പിക്കാനായത്. കലാപത്തെ തുടർന്ന് വാഷിങ്ടണിൽ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

Related news: ജോ ബൈഡന്റെ വിജയം യുഎസ് കോൺഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചു

ഇതിനിടെ ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി റിപ്പബ്ളിക്കൻ സെനറ്റർ മിറ്റ് റോംനി രംഗത്തെത്തി. അരിസോണയിലെ ബൈഡന്റെ വിജയത്തിന് എതിരായ പ്രമേയം സെനറ്റും ജനപ്രതിനിധി സഭയും തള്ളിയതും ട്രംപിന് തിരിച്ചടിയായി. റിപ്പബ്ളിക്കൻ അംഗങ്ങളും പ്രമേയത്തെ എതിർത്തു.

അതേസമയം, പ്രതിഷേധമല്ല കലാപമാണ് പാർലമെന്റ് മന്ദിരത്തിൽ നടക്കുന്നതെന്ന് നിയുക്‌ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ കുറ്റപ്പെടുത്തി. കലാപത്തിന് ആക്കം കൂട്ടുന്ന രീതിയിൽ ട്വീറ്റ് ചെയ്‌ത ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചു. 12 മണിക്കൂർ നേരത്തേക്കാണ് അക്കൗണ്ട് മരവിപ്പിച്ചത്. ട്രംപിന്റെ ഫേസ്ബുക്ക്, സ്‌നാപ്പ്ചാറ്റ് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.

Read also: ‘അബ്‌കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ മോദിയുടെ നിലവിളി മറക്കരുത്; പ്രശാന്ത് ഭൂഷണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE