ഹൈദരാബാദ്: ഷംഷാബാദിലെ മുചിന്തൽ ചിന്നജീയാർ ആശ്രമത്തിൽ 216 അടി ഉയരത്തിൽ തീർത്ത രാമാനുജ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അനാവരണം ചെയ്യും. സ്വർണം, വെള്ളി, ചെമ്പ്, പിത്തള, നാകം എന്നീ പഞ്ചലോഹംകൊണ്ട് തീർത്ത ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാണിത്.
11ആം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്‌കർത്താവായിരുന്ന രാമാനുജാചാര്യ സ്വാമിയുടെ സഹസ്രാബ്‌ദി സമാരോഹത്തോട് അനുബന്ധിച്ചാണ് പ്രതിമ അനാച്ഛാദനം ചെയ്യുന്നത്.
ആശ്രമത്തിലെ 40 ഏക്കർ സ്‌ഥലത്ത് 54 അടി ഉയരമുള്ള ഭദ്രവേദി എന്ന കെട്ടിടത്തിന് മുകളിലാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. ശനിയാഴ്‌ച ഉച്ചയ്‌ക്ക് 2.45ന് ഹൈദരാബാദിനടുത്ത പഠൻചേരുവിലെ ഇക്രിസാറ്റിൽ എത്തുന്ന പ്രധാനമന്ത്രി വൈകീട്ട് 5ന് ആശ്രമത്തിൽ എത്തി പ്രതിമ രാജ്യത്തിന് സമർപ്പിക്കും. 12 ദിവസം നീണ്ടുനിൽക്കുന്ന രാമാനുജ സഹസ്രാബ്‌ദി സമാരോഹത്തിന് വ്യാഴാഴ്‌ചയാണ് തുടക്കമായത്.
Most Read: ഒവൈസിയുടെ കാറിന് നേരെ വെടിവെപ്പ്; പാർലമെന്റിൽ വിശദീകരണം നൽകാൻ അമിത് ഷാ