ന്യൂഡെൽഹി: ഉത്തർപ്രദേശിലെ മീററ്റിൽ ലോക്‌സഭാ എംപി അസദുദ്ദീൻ ഒവൈസിയുടെ കാറിന് നേരെ വെടിയുതിർത്ത സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി നൽകും. ഫെബ്രുവരി 7നാണ് അമിത് ഷാ മറുപടി നൽകുക.
ആക്രമണത്തെ തുടർന്ന് അസദുദ്ദീൻ ഒവൈസി എംപിക്ക് കേന്ദ്ര സർക്കാർ ‘ഇസഡ്’ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വെടിവെപ്പിനെ തുടർന്ന് നടത്തിയ അവലോകന യോഗത്തിലാണ് കേന്ദ്ര റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) ഇസഡ് കാറ്റഗറി സുരക്ഷ അദ്ദേഹത്തിന് നൽകാൻ സർക്കാർ തീരുമാനിച്ചത്.
ഉത്തര്‍പ്രദേശിലെ മീററ്റിൽ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അസദുദ്ദീന്‍ ഒവൈസിയുടെ കാറിന് നേരം ആക്രമണമുണ്ടായത്. മീററ്റിന് സമീപം ഹാപ്പൂരിലായിരുന്നു സംഭവം. രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തതായി പോലീസ് പറഞ്ഞു. നോയിഡ സ്വദേശി സച്ചിൻ, സഹരാൻപൂർ സ്വദേശി ശുഭം എന്നിവരാണ് അറസ്‌റ്റിലായത്. ഇവർക്കെതിരെ കൊലപാതകമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
‘ഹിന്ദു വിരുദ്ധ’ പരാമർശങ്ങളിലും രാമജൻമ ഭൂമിയേക്കുറിച്ചും ഒവൈസി നടത്തിയ പരാമർശങ്ങളുടെ പേരിൽ രണ്ട് പ്രതികളും അസ്വസ്‌ഥരായിരുന്നുവെന്നും, ഈ സാഹചര്യത്തിലാണ് ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിർത്തതെന്നും യുപി എഡിജി (ലോ ആൻഡ് ഓർഡർ) പ്രശാന്ത കുമാർ പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതികൾ പരസ്‌പരം പരിചയമുള്ളതായി വ്യക്‌തമായി. പ്രാഥമിക അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും പോലീസ് പറഞ്ഞു.
Also Read: പ്രവാസികൾക്ക് ക്വാറന്റെയ്‌ൻ ഇല്ല; വിലക്ക് രോഗലക്ഷണം ഉള്ളവർക്ക് മാത്രം