ന്യൂഡെൽഹി: ഒഡിഷയിൽ സ്‌കൂൾ വിദ്യാർഥികൾക്ക് കൂട്ടത്തോടെ കോവിഡ് സ്‌ഥിരീകരിച്ചു. മയൂർഭഞ്ച് ജില്ലയിലെ ചമക്പൂരിലെ ഗവൺമെന്റ് (എസ്‌എസ്‌ഡി) ഗേൾസ് ഹൈസ്‌കൂളിലെ 25 വിദ്യാർഥികൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. വിദ്യാർഥികൾക്ക് രോഗ ലക്ഷണങ്ങൾ കണ്ട സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ സ്‌കൂളിലെ 25 കുട്ടികൾ പോസിറ്റീവായെന്ന് മയൂർഭഞ്‌ജിലെ ചീഫ് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ രൂപവനു മിശ്ര പറഞ്ഞു. എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
“വിദ്യാർഥികൾ ചികിൽസയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണ്. സ്‌കൂൾ പരിസരം അണുവിമുക്‌തമാക്കി, സ്‌ഥിതി നിയന്ത്രണവിധേയമാണ്, ഞങ്ങളുടെ മെഡിക്കൽ സംഘം നിരീക്ഷണം തുടരുകയാണ്,”- മിശ്ര കൂട്ടിച്ചേർത്തു.
സ്‌കൂളിൽ 256 കുട്ടികളും 20 ജീവനക്കാരുമുണ്ട്. ജില്ലാ ആസ്‌ഥാനത്ത് നിന്നുള്ള മെഡിക്കൽ സംഘവും സബ് കളക്‌ടർ ഡോ രജനികാന്ത് ബിശ്വാലും സ്‌കൂളിലെത്തി സ്‌ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ചില വിദ്യാർഥികൾ ഇന്നലെയാണ് ആദ്യമായി സ്‌കൂളിൽ എത്തിയത്. ഇവരിൽ നിന്നാകാം രോഗം പടർന്നത് എന്നാണ് കരുതുന്നത്.
തങ്ങളുടെ മെഡിക്കൽ സംഘവും ആംബുലൻസും അവിടെയുണ്ട്, ഡോ. അനിത സിംഗ് വിദ്യാർഥികളെ പതിവായി പരിശോധിക്കുന്നു. സ്‌ഥിതി നിയന്ത്രണവിധേയമാണ് എന്നും അധികൃതർ അറിയിച്ചു.
Most Read: യുകെയിൽ രണ്ടുപേർക്ക് ഒമൈക്രോൺ സ്‌ഥിരീകരിച്ചു