ആലപ്പുഴ: കേരളത്തിന്റെ വിപ്ളവ നക്ഷത്രം കെആർ ഗൗരിയമ്മയ്ക്ക് സമർപ്പണം ചെയ്തുകൊണ്ട് അഭിലാഷ് കോടവേലിൽ രചിച്ച, ഏഴര മിനിറ്റോളം നീണ്ടുനിൽക്കുന്ന കവിത സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു.
വേണു തിരുവിഴ സംഗീതം നൽകി കൂറ്റുവേലി ബാലചന്ദ്രൻ ആലപിച്ചിരിക്കുന്ന ഈ കവിത ഗൗരിയമ്മയുടെ സമർപ്പിത ജീവിതം വരച്ചു കാണിക്കുന്നതാണ്. കെആർ ഗൗരിയമ്മയുടെ തീക്ഷ്ണമായ രാഷ്ട്രീയ ജീവിതം ആദ്യമായി അഭ്രപാളികളിലേക്ക് പകർത്തിയതും അഭിലാഷ് കോടവേലിൽ തന്നെയായിരുന്നു. ‘കാലം മായ്ക്കാത്ത ചിത്രങ്ങൾ‘ എന്ന പേരിൽ ചെയ്ത ഈ ഡോക്യുമെന്ററിയും കവിതപോലെ ശ്രദ്ധേയമായിരുന്നു.
ഹരീഷ് വാകത്താനം തന്റെ സാമൂഹിക മാദ്ധ്യമത്തിൽ ‘ഗൗരിയമ്മ’ എന്ന കവിത പങ്കുവച്ചുകൊണ്ടു ഇങ്ങനെ കുറിക്കുന്നു; കേരള രാഷ്ട്രീയ ഭൂമികയിൽ തങ്കലിപികളാൽ എഴുതിച്ചേർക്കപ്പെട്ട ഗൗരിയമ്മക്ക് ജീവിച്ചിരിക്കുമ്പോൾ നൽകാൻ സാധിക്കുന്ന സല്യൂട്ടാണ് ഈ കവിത.
2016ൽ റിലീസ് ചെയ്ത ഗൗരിയമ്മയുടെ സമഗ്ര ജീവിതം വരച്ചിടുന്ന ‘കാലം മായ്ക്കാത്ത ചിത്രങ്ങൾ‘ എന്ന ഡോക്യുമെന്ററി പ്രധാനമായും ഗൗരിയമ്മയുടെ ‘അറിയപ്പെടാത്ത രാഷ്ട്രീയ‘ ജീവിതത്തിലേക്കുള്ള എത്തിനോട്ടമായിരുന്നു. രാഷ്ട്രീയ രംഗത്ത് ഏറെ ശ്രദ്ധേയമായ ഈ ചിത്രം ട്രോപ്പിക്കാന ഫിലിംസിന്റെ ബാനറിൽ റഹിം റാവുത്തറായിരുന്നു നിർമിച്ചിരുന്നത്.
Most Read: ‘കോടികളുടെ തട്ടിപ്പ്, ഫിറോസ് കുന്നംപറമ്പിലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം’; ഡിവൈഎഫ്ഐ