ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി ഫ്രാൻസിലെത്തുന്നത്. ഇന്നും നാളെയുമാണ് പര്യടനം. പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. ഇമ്മാനുവൽ മാക്രോണുമായി മോദി കൂടിക്കാഴ്ച നടത്തും. നാളെ നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിലും അദ്ദേഹം പങ്കെടുക്കും.
ഫ്രാൻസുമായുള്ള റഫാൽ കരാറിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. 26 യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനാണ് കരാർ. 26 റഫാൽ വിമാനങ്ങൾ, മൂന്ന് അധിക സ്കോർപീൻ അന്തർവാഹിനികൾ, ജെറ്റ് എഞ്ചിൻ സാങ്കേതികവിദ്യക്കായുള്ള സാങ്കേതിക കൈമാറ്റം എന്നിവ കരാറിലൂടെ സാധ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ 36 റഫാൽ വിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയിരുന്നു.
ആദ്യ ബാച്ച് 2020 ജൂലൈ 29ന് ആണ് ഇന്ത്യയിലെത്തിയത്. അടിയന്തിര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 36 റഫാലുകൾക്കായി 2016 സെപ്റ്റംബറിലാണ് 60,000 കോടിയുടെ കരാറിൽ ഇന്ത്യയും ഫ്രാൻസും ഒപ്പിട്ടത്. അതേസമയം, സേനകൾ സമർപ്പിച്ച ശുപാർശകൾ പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. സുരക്ഷാഭീഷണി വർധിക്കുന്നതിനാൽ പുതിയ ആയുധങ്ങൾ എത്രയും വേഗം വേണമെന്ന് നാവികസേനാ ആവശ്യപ്പെടുന്നുണ്ട്. പ്രോജക്ട്-75 ന്റെ ഭാഗമായി സ്കോർപീൻ ക്ളാസ് അന്തർവാഹിനികളും സേന ചോദിച്ചിട്ടുണ്ട്.
Most Read: കുതിച്ചുയരാൻ ചന്ദ്രയാൻ-3; കൗണ്ട്ഡൗൺ ഇന്ന് ഉച്ച മുതൽ- വിക്ഷേപണം നാളെ